ഹൈദരാബാദ്: ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ചിരഞ്ജീവിയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നല്കി ആദരിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നൽകി ആദരിച്ചു.
ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ പ്രതിനിധി റെക്കോഡ് സംബന്ധിച്ച സർട്ടിഫിക്കറ്റ് ചിരഞ്ജീവിക്ക് കൈമാറി. ചടങ്ങിൽ ബോളിവുഡ് താരം ആമിർ ഖാനും പങ്കെടുത്തു. “ഇന്ത്യൻ ചലച്ചിത്രമേഖലയില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങളില്‍ ഡാന്‍സ് കളിച്ച താരം എന്ന നിലയിലാണ് 2024 സെപ്തംബർ 20-ന് നേടിയ മെഗാ സ്റ്റാർ എന്ന കോനിഡെല ചിരഞ്ജീവിയെ ആദരിക്കുന്നത്” എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സര്‍ട്ടിഫിക്കറ്റ് പറയുന്നത്.
ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് ഇത്തരമൊരു അംഗീകാരം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബഹുമതിയോട് പ്രതികരിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞു. ഡാന്‍സ് എന്നത് തന്റെ സിനിമാ കരിയറിലെ അവിഭാജ്യ ഘടകമായി മാറിയെന്നും അത് പലര്‍ക്കും ഒരു പ്രചോദനമായെന്നാണ് കരുതുന്നതെന്നും ചിരഞ്ജീവി ഗിന്നസ് ബഹുമതിയോട് പ്രതികരിച്ചു.
ഇത്തരം ഒരു സുപ്രധാന വേളയില്‍ ചിരഞ്ജീവിയുമായി വേദി പങ്കിടാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും, ചിരഞ്ജീവിയുടെ വലിയ ആരാധകനാണ് താനെന്നും, ജ്യേഷ്ഠസഹോദരനെന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു. ചിരഞ്ജീവിക്ക് ഡാന്‍സ് എന്നത് ഹൃദയവും ആത്മാവും ചേര്‍ന്നതാണെന്നും ആമിര്‍ പറഞ്ഞു.
ഇത് തെലുങ്ക് ജനതയ്ക്ക് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു. ടിപിസിസി അധ്യക്ഷൻ മഹേഷ് ഗൗഡ്, മന്ത്രിമാരായ കൊമതിറെഡ്ഡി വെങ്കട്ട റെഡ്ഡി, ഉത്തം കുമാർ റെഡ്ഡി തുടങ്ങിയവരും താരത്തെ അഭിനന്ദിച്ച് പോസ്റ്റിട്ടു.
ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ.ടി.ആര് “അരങ്ങേറ്റം മുതല്‍ ഇന്നുവരെ ചിരഞ്ജീവിയുടെ എത്ര അവിശ്വസനീയമായ സിനിമ യാത്രയാണ് 156 സിനിമകൾ, 537 ഗാനങ്ങൾ, 24,000 നൃത്തച്ചുവടുകൾ അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു” എന്നാണ് എക്സ് പോസ്റ്റിട്ടത്.
കഴിഞ്ഞ വർഷം ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. മുമ്പ് 2006-ൽ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 45 വർഷത്തെ കരിയറിൽ 156 സിനിമകളിലായി 537 ഗാനങ്ങളിലായി 24,000-ത്തിലധികം നൃത്തച്ചുവടുകൾ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ ഗിന്നസ് റെക്കോഡ് ലഭിച്ചത്.