തൃശൂർ: ചാവക്കാട് നഗരമധ്യത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കടകൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിനാണ് തീപിടിച്ചത്.
ഈ കെട്ടിടത്തിലെ അസീസ് ഫുട്വെയർ, ടിപ്പ് ടോപ്പ് ഫാന്‍സി ഷോപ്പ് ,ഒരു തുണിക്കട എന്നിവയാണ് കത്തിനശിച്ചത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും തീപിടിത്തമുണ്ടായി. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചെങ്കിലും ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
അഗ്നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകളെത്തിയാണ് പുലര്‍ച്ചെ നാലോടെ തീ നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും തീ അണക്കാന്‍ രംഗത്തിറങ്ങി. തീപിടിത്തകാരണം വ്യക്തമായിട്ടില്ല. ആദ്യം പ്ലാസ്റ്റിക് ഉരുകുന്ന മണവും പുകയുമാണ് ഉണ്ടായതെന്നും പിന്നീട് തീ ആളിക്കത്തുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.