ബംഗളൂരു: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നാലെ ഐ.എസ്.ആർ.ഒയുടെ ഭാവി പദ്ധതികൾ വിവരിച്ച് ചെയർമാൻ എസ്.സോമനാഥ്. ചന്ദ്രയാന്‍ പിന്നാലെ ഇന്ത്യയുടെ സൗര്യദൗത്യമായ ആദിത്യക്ക് തുടക്കം കുറിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ.സെപ്റ്റംബർ ആദ്യത്തോടെ മിഷൻ ആദിത്യ വിക്ഷേപണത്തിന് തയാറാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് ശേഷം 2025ലെ ഗഗൻയാൻ ദൗത്യത്തിന് വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഐ.എസ്.ആർ.ഒ തുടക്കം കുറിക്കുമെന്നും ചെയർമാൻ അറിയിച്ചു.
സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ഐ.എസ്.ആർ.ഒ ദൗത്യമാണ് ആദിത്യ. ഭൂമിക്കും സൂര്യനും ഇടയിലുള്ള സ്വതന്ത്രമേഖലയായ ഒന്നാം ലാഗ്രാഞ്ച് പോയിന്റിലാണ് ആദിത്യയുടെ ഭാഗമായി വിക്ഷേപിക്കുന്ന പേടകം സൗര നിരീക്ഷണം നടത്തി ഭ്രമണം ചെയ്യുക.ലക്ഷ്യത്തിലെത്താൻ നാലുമാസമെടുക്കും. തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പരീക്ഷണ ഉപകരണം ഉപയോഗിച്ച് സൂര്യനിലെ എല്ലാ പ്രതിഭാസങ്ങളും സൂക്ഷ്മമായി പഠിക്കുകയാണ് ദൗത്യം.