കൊച്ചി∙ ആലുവയിലെ പെരിയാർ തീരത്ത് അഞ്ചു വയസ്സുകാരി ചാന്ദ്നിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയ സംഭവത്തിൽ പിടിയിലായ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്‌പി വിവേക് കുമാർ. ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അബോധാവസ്ഥയിലായിരുന്നതിനാൽ പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്.
ഇന്നു രാവിലെ പ്രതി തന്നെയാണു മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയെ മറ്റൊരാൾക്കു കൈമാറിയെന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണു നിഗമനമെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നും റൂറൽ എസ്‌പി മാധ്യമങ്ങളോടു വ്യക്തമാക്കി.
മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് ചാന്ദ്നി. വെള്ളിയാഴ്ച പകൽ മൂന്നോടെയാണു ചാന്ദ്നിയെ അസ്ഫാഖ് ആലം തട്ടിക്കൊണ്ടുപോയത്. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി.
കുട്ടിയെ അസ്ഫാഖ് കൂട്ടിക്കൊണ്ടുപോയ ദൃശ്യങ്ങൾ ഇന്നലെ തന്നെ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന്, ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും കുട്ടിയെ സംബന്ധിച്ചു വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. കുട്ടിയെ മറ്റൊരാൾക്കു കൈമാറിയതായി പറഞ്ഞുവെങ്കിലും പ്രതി ലഹരിയുടെ പിടിയിലായിരുന്നതിനാലാണു വിവരങ്ങൾ ലഭിക്കാൻ വൈകിയതെന്നാണു സൂചന. സംഭവത്തിൽ മറ്റു രണ്ടു പേർക്കു കൂടി ബന്ധമുള്ളതായാണു സൂചന. അസ്ഫാഫിന്റെ ഒരു സുഹൃത്തു കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണു വിവരം.