കോട്ടയം ∙ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ കാറിന്റെ ടയറിന്റെ നട്ട് ഊരി മാറി. അട്ടിമറി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ഇന്നലെ വൈകിട്ട് സിഎംഎസ് കോളജിലെ പൊതുപരിപാടിയിൽ പങ്കെടുത്തശേഷം ചാണ്ടി ഉമ്മനുമായി കാർ പുറപ്പെട്ടപ്പോഴാണു നട്ട് ഇളകിയതായി കണ്ടെത്തിയത്. ഈ വാഹനത്തിനു സമീപം, പരിപാടിയിൽ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ വാഹനം നിർത്തിയിരുന്നു. ഇതിന്റെ ഡ്രൈവറായ ഹരികൃഷ്ണനാണ് നട്ട് ഊരിക്കിടക്കുന്നതു കണ്ടത്. വാഹനം മുന്നോട്ടെടുത്തപ്പോൾ ശബ്ദം കേട്ടു. ഉടൻ തന്നെ ഹരി ഓടിയെത്തി ചാണ്ടി ഉമ്മന്റെ വാഹനം നിർത്തിച്ചു.
വാഹനത്തിന്റെ പിന്നിൽ ഇടതുവശത്തെ ടയറിന്റെ അഞ്ചിൽ 4 നട്ടുകളും ഇളകിക്കിടക്കുകയായിരുന്നു. വാഹനത്തിലുള്ളവർ പുറത്തിറങ്ങി നട്ടുകൾ മുറുക്കിയാണു യാത്ര തുടർന്നത്.സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. വലിയ അപകടത്തിൽ നിന്നാണു ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടത്. ദുരൂഹതകൾ ഒരുപാടുണ്ട്. സത്യം പുറത്തുവരണം. അപകടം പതിയിരിക്കുകയാണെന്നും ശ്രദ്ധ വേണമെന്നും ചാണ്ടി ഉമ്മനോടൊപ്പമുള്ളവരോടു പറഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.