ചന്ദ്രയാൻ 3: പ്രഗ്യാൻ റോവര്‍ പ്രയാണം തുടരുന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്‍ആർഒ

news image
Aug 26, 2023, 3:09 pm GMT+0000 payyolionline.in

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ ഭാഗമായുള്ള പ്രഗ്യാൻ റോവർ, ചന്ദ്രോപരിതലത്തിൽ പ്രയാണം തുടരുന്നു. ലാൻഡർ ഇറങ്ങിയ ‘ശിവശക്തി പോയിന്റിൽ’ പ്രഗ്യാൻ റോവർ സഞ്ചരിക്കുകയാണെന്നും ദക്ഷിണ ധ്രുവത്തിൽ കൂടുതൽ ചാന്ദ്രരഹസ്യങ്ങൾ തേടുകയാണെന്നും ഐഎസ്‍ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. പ്രഗ്യാൻ റോവര്‍ സഞ്ചരിക്കുന്നതിന്റെ വിഡിയോയും ഐഎസ്‍ആർഒ പങ്കുവച്ചു.

 

ലാൻഡറിൽനിന്ന് ഒരു കിലോമീറ്റർ വരെ ചുറ്റളവിലാണ് റോവർ സഞ്ചരിക്കുക. ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്), ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്നീ ശാസ്ത്രീയ ഉപകരണങ്ങൾ റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്ന‍ീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ച് ലിബ്സ് പഠിക്കും.

സ്വയം വിലയിരുത്തിയതും റോവറിൽ നിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകളിലേക്കു കൈമാറും. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്. തുടർന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാൽ ചന്ദ്രയാൻ 2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.

നേരത്തെ ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ നേരിട്ടു കണ്ട് അഭിനന്ദിച്ചു. ലാൻഡര്‍ ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലാൻഡർ ചന്ദ്രനിലിറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe