ബംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ അഞ്ചാം ഭ്രമണപഥമാറ്റം ഇന്ന് നടക്കും. ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും പുറത്തു കടക്കുന്നതിന് വേണ്ടിയുള്ള അവസാനത്തെ ഭ്രമണപഥ വികസിപ്പിക്കലാണ് ഇന്നത്തേത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റർ ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ബംഗളൂരുവിലെ സാറ്റലൈറ്റ് സെന്‍ററാണ് ഭ്രമണപഥമാറ്റത്തിന് മേൽനോട്ടം വഹിക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണതറയിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലാണ് എൽ.വി.എം 3 റോക്കറ്റ് എത്തിച്ചത്. ആദ്യം ഭൂമിയുടെ ഏറ്റവും അടുത്തു വരുന്ന അകലം (പെരിജി) 170 കിലോമീറ്ററും ഭൂമിയുടെ ഏറ്റവും ദൂരെയുള്ള അകലം (അപ്പോജി) 36500 കിലോമീറ്ററിലുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ മൂന്ന് ഭ്രമണം ചെയ്തിരുന്നത്. തുടർന്ന് ഘട്ടം ഘട്ടമായി നാലു തവണ ഭ്രമണപഥം വികസിപ്പിച്ചു.
ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്തുകടക്കുന്ന പേടകം ചന്ദ്രനിലേക്ക് യാത്ര ആരംഭിക്കും. ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന ലൂണാർ ട്രാൻസഫർ ട്രാജക്ടറി നടക്കുക. ആഗസ്റ്റ് 24നാണ് ദൗത്യത്തിന്‍റെ ഭാവി നിർണയിക്കുന്ന ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്.