തോടന്നൂർ : ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കെ.എസ്.യു നേതാവ് ബിതുൽ ബാലന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ സർക്കാരിനും സി.പി.ഐ.എമ്മിനുമെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.പി. പ്രതിഷേധക്കാരുടെ നിഴൽ പോലും മന്ത്രിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്നും ഗൺമാൻ അറിയാതെ കഴുത്ത് പിടിച്ചു തിരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ കെ.എസ്.യുക്കാരുടെ വീട് തകർക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബോംബേറ് നടന്ന ബിതുലിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുദ്രാവാക്യം വിളിച്ചത് തിരിഞ്ഞു നോക്കിയപ്പോൾ ഉളുക്കിയ കഴുത്തിന് ഇത്ര വേദനയുണ്ടെങ്കിൽ, നീതിക്കായി തെരുവിൽ അലയുന്ന ഹർഷീനയെപ്പോലുള്ളവർ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും? വീടിന് ബോംബെറിയുന്നത് ‘രക്ഷാപ്രവർത്തനത്തിന്റെ’ പരിധിയിൽ വരുമോ?” ഷാഫി ചോദിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്ത സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അക്രമങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും ഷാഫി ആരോപിച്ചു.
ബിതുലിന് ഫേസ്ബുക്കിലൂടെ സി.പി.ഐ.എം പ്രവർത്തകർ മുൻകൂട്ടി ആദരാഞ്ജലികൾ നേരുന്നുവെന്നും ബിതുലിന്റെ വീട് എവിടെയാണെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ തിരയുന്നതിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി. പോലീസിനെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ക്രിമിനലുകൾക്കാണ് പോലീസ് സംരക്ഷണം നൽകുന്നത്. തന്റെ മൂക്കിന് പരിക്കേറ്റപ്പോൾ പരിഹസിച്ചവരൊന്നും ഇപ്പോൾ എവിടെയാണെന്ന് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം കൊണ്ടൊന്നും ഈ സർക്കാരിനെ രക്ഷിക്കാനാവില്ലെന്നും ജനം ബാലറ്റിലൂടെ ഇതിനെല്ലാം മറുപടി നൽകുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പിലെ വീഴ്ചകൾക്കെതിരെയുള്ള കരിങ്കൊടി സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൺമാൻ കഴുത്ത് തിരിച്ചെങ്കിൽ അത് തീർക്കേണ്ടത് കെ.എസ്.യുക്കാരുടെ വീട്ടിലല്ല’; രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ
Feb 27, 2026, 10:12 am GMT+0000
payyolionline.in
കുറ്റ്യാടി താലൂക്ക് ആശുപത്രി -പുതിയ കെട്ടിടം പൂർത്തീകരണത്തിലേക്ക്
വിവരങ്ങൾ ചോർന്നിട്ടില്ല, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സന്ദേശം ഭരണഘടനാപരം; ..
