കോഴിക്കോട് > മാവോയിസ്റ്റുകാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച കേസിൽ ഗ്രോ വാസു(92)വിനെ വെറുതെവിട്ടു . ഗ്രോ വാസുവിനെതിരെ വേണ്ടത്ര തെളിവില്ലെന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് കോടതി പറഞ്ഞു.
2016ൽ നിലമ്പൂരിൽ നടന്ന പൊലീസ് വെടിവെപ്പിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങൾക്കെതിരെ രജിസ്റ്റർചെയ്ത കേസിലാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. ജാമ്യമെടുക്കാൻ ഇദ്ദേഹം തയ്യാറാകാത്തതിനെ തുടർന്ന് ജയിലിൽ വിടുകയായിരുന്നു.
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനടക്കം എടുത്ത കേസിൽ പിഴ അടയ്ക്കാനോ ജാമ്യമെടുക്കാനോ തയ്യാറാവാത്തതിനാൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴും ജാമ്യമെടുത്തിരുന്നില്ല.