വാരാണസി: ഗ്യാൻവാപി പള്ളി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ(എ.എസ്.ഐ) ശാസ്ത്രീയ സർവേ അഞ്ചാം ദിവസവും തുടരുന്നു. രാവിലെ എട്ടിന് ആരംഭിച്ച സർവേ വൈകിട്ട് അഞ്ചുവരെ തുടരും. ഗ്യാൻവാപി പള്ളി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. താഴികക്കുടത്തിന്റെ സർവേ പൂർത്തിയായിട്ടില്ലെന്നാണ് റിപോർട്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും വിലക്കിയിട്ടുണ്ട്.
ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തു വകുപ്പിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. അലഹാബാദ് ഹൈകോടതി വിധിക്കെതിരെ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങൾക്കുമേൽ നിർമിച്ചതാണോ എന്ന് നിർണയിക്കുന്നത് സംബന്ധിച്ച പരിശോധനയാണ് നടക്കുന്നത്.
സർവേയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജി.പി.ആർ) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതുവഴി പള്ളിയുടെ അടിയിൽ ഏതെങ്കിലും കെട്ടിടത്തിന്റെ ഘടനയുണ്ടോയെന്ന് കണ്ടെത്താൻ കഴിയുമെന്ന് മുൻ എ.എസ്.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.