കൊച്ചി:വിനോദയാത്രയ്ക്കു ഗോവയിലേക്കു പോയ സംഘത്തിലെ നാലു പേർ രേഖകളില്ലാതെ മദ്യം കടത്തിയതിനു പിടിയിൽ. കൊല്ലത്തെ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഉൾപ്പെടെ നാലു പേർക്കെതിരെ എക്സൈസ് കേസെടുത്തു.ടിടിഐ പ്രിൻസിപ്പൽ, ടൂർ ഓപ്പറേറ്റർ, ബസ് ഡ്രൈവർ, ക്ലീനർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശികളായ ഷിജു (45), അനന്തു (23), നിധിൻ (28), അജിത് ജോയ് (51) എന്നിവരാണ് അറസ്റ്റിലായത്.
ഗോവയിൽ നിന്നു വിനോദയാത്ര കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച ബസ് കൊച്ചി പാലാരിവട്ടത്ത് എത്തിയപ്പോൾ ഇന്നലെ രാവിലെ 9.30ന് ആണു മദ്യം പിടികൂടിയത്. സംഘത്തിൽ ടിടിസി വിദ്യാർഥികളായ 33 പെൺകുട്ടികളും 6 ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ബസിന്റെ ലഗേജ് അറയിൽ ഡ്രൈവർ, ക്ലീനർ, ടൂർ ഓപ്പറേറ്റർ, പ്രിൻസിപ്പൽ എന്നിവരുടെ ബാഗുകളിൽ സൂക്ഷിച്ച 50 കുപ്പി (31.85 ലീറ്റർ) മദ്യമാണു കണ്ടെടുത്തത്.
തിരുവനന്തപുരത്ത് എക്സൈസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഇന്നലെ പുലർച്ചെയാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. വിവരം എറണാകുളം ഡിവിഷനിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ എം.സജീവ്കുമാറിന്റെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സാണ് ബസ് തടഞ്ഞു പരിശോധിച്ചത്. പ്രിവന്റീവ് ഓഫിസർ ജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വിപിൻ പുഷ്പാംഗദൻ, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ രഞ്ജിനി, ദീപക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.