കോഴിക്കോട് > ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി ഘാതകനായ ഗോഡ്സെയെ വാഴ്ത്തിയ എൻഐടി അധ്യാപിക ഷൈജ ആണ്ടവന്റെ നിലപാട് അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഒരു അധ്യാപികയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പരാമർശമുണ്ടായത് ദൗർഭാഗ്യകരമാണ്. ഗാന്ധിയുടെ കൊലപാതകം അപമാനകരമായ സംഭവമാണ്. അതിന്റെ ആവർത്തനം പോലെയാണ് രക്തസാക്ഷിത്വത്തിന് ഇടയാക്കിയ വ്യക്തിയെ മഹത്വവൽക്കരിക്കുന്നത്. കൃത്യമായ ചരിത്രബോധം വിദ്യാർഥികളിലേക്ക് എത്തിക്കേണ്ടവരാണ് അധ്യാപകർ. എന്നിരിക്കെയാണ് എൻഐടി അധ്യാപിക ഇത്തരത്തിൽ പെരുമാറിയത്. ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് മുമ്പിൽ എത്തിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എൻഐടിയിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഡോ. എ ഷൈജയാണ് ‘ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സേയിൽ അഭിമാനിക്കുന്നു’ എന്ന് ഫെയ്സ്ബുക്കിൽ കമന്റിട്ടത്. ‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ’ എന്ന കുറിപ്പുമായി അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈൽ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് അധ്യാപികയുടെ കമന്റ്.
അതേസമയം സംഭവത്തിൽ ഇവർക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു. ഐ പി. സി 153 (കലാപം ഉണ്ടാക്കാൻ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം) പ്രകാരമാണ് കേസ് എടുത്തത്. എസ്എഫ്ഐ കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിൻ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഡിവൈഎഫ്ഐയും അധ്യാപികയ്ക്കെതിരെ പരാതി നൽകിയിരുന്നു. സംഭവത്തിൽ എൻഐടി ഡയറക്ടറും അധ്യാപികയോട് വിശദീകരണം തേടിയിട്ടുണ്ട്.