ദില്ലി: ഗുസ്തിതാരങ്ങളുടെ സമരത്തോട് പിന്തുണ അറിയിച്ച് ബിജെപി എംപിമാരും. ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ബൂഷനെതിരെ ഗുസ്തിതാരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്. ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രിതം മുണ്ടെ രംഗത്തെത്തി. നേരത്തെ, ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇത്രയും ഗൗരവമുള്ള പരാതി ഒരു സ്ത്രീ പറയുമ്പോൾ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. അത് ഏതെങ്കിലും സർക്കാരോ പാർട്ടിയോ ആകാം. പരാതി ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെങ്കിൽ അത് ന്യായമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്, ആവശ്യമായ ശ്രദ്ധ നൽകണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ഗുസ്തി താരങ്ങൾ അവരുടെ മെഡലുകൾ ഗംഗയിലെറിയുന്നത് നിർഭാഗ്യകരവും വേദനാജനകവുമാണെന്നായിരുന്നു ബ്രിജേന്ദ്ര സിംഗ് പറഞ്ഞത്. നേരത്തെ, ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകുന്നതിനെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയിരുന്നു. സർക്കാർ കായിക താരങ്ങൾക്കൊപ്പം തന്നെയാണെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി. സമരം രാഷ്ട്രീയ വേദി ആക്കി മാറ്റില്ല എന്ന് താരങ്ങൾ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കൾ സമരവേദിയിൽ എത്തുന്നു. അന്വേഷണം നിയമപ്രകാരം തന്നെ നടക്കും. ദില്ലി പോലീസിന്റെ അന്വേഷണത്തിൽ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികൾ സ്വീകരിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം, ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ദില്ലി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ദില്ലി പൊലീസ് നിലപാടെടുത്തു. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.