ഗുരുവായൂരപ്പന് 32 പവന്റെ സ്വര്‍ണകിരീടം സമര്‍പ്പിച്ച് സ്റ്റാലിന്റെ ഭാര്യ

news image
Aug 10, 2023, 3:01 pm GMT+0000 payyolionline.in

ഗുരുവായൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ 32 പവന്റെ സ്വര്‍ണകിരീടം ഗുരുവായൂര്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ചന്ദനം അരക്കാനുള്ള ഉപകരണവും അവര്‍ നല്‍കി. രാവിലെ 11.15ഓടെയാണ് ദുര്‍ഗ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കള്‍ക്കൊപ്പം ഗുരുവായൂരിലെത്തിയത്.

ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ സ്വീകരിച്ചു. ഉച്ചപൂജക്ക് മുമ്പായാണ് സ്വര്‍ണ കിരീടം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. കദളിക്കുലയും നെയ്യും കാണിക്കയര്‍പ്പിച്ചു. തുടര്‍ന്ന് ദര്‍ശനം നടത്തി. ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയാറാക്കുന്ന സ്ഥലത്തെത്തി ചന്ദനം അരക്കാനുള്ള ഉപകരണം സമര്‍പ്പിച്ചു. ഉച്ചപൂജക്ക് ശേഷം നട തുറന്നതോടെ നാലമ്പലത്തിലെത്തി.

താന്‍ സമര്‍പ്പിച്ച പൊന്നിന്‍ കിരീടമണിഞ്ഞ് ചതുര്‍ബാഹുസ്വരൂപനായ ഗുരുവായൂരപ്പ വിഗ്രഹം കണ്‍നിറയെ തൊഴുതാണ് ദുര്‍ഗയും സംഘവും മടങ്ങിയത്. തിരുമുടി മാല, പഴം, പഞ്ചസാര, നെയ് പായസം എന്നിവയടങ്ങിയ പ്രസാദം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe