ഗുരുതര ആരോപണവുമായി സി ജെ റോയിയുടെ കുടുംബം; ‘ഐ ടി ഉദ്യോഗസ്ഥരിൽനിന്ന് കടുത്ത മാനസിക പീഡനമുണ്ടായി’

news image
Jan 30, 2026, 5:32 pm GMT+0000 payyolionline.in

ബംഗളൂരു: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്തതിൽ ​ഗുരുതര ആരോപണവുമായി കുടുംബം. ഇൻകം ടാക്സ് (ഐ ടി) ഉദ്യോ​ഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് റോയ് ആത്മഹത്യ ചെയ്തതെന്നും മരണത്തിന് ഉത്തരവാദി ഇൻകം ടാക്‌സ് അഡീഷണൽ കമീഷണർ കൃഷ്ണപ്രസാദാണെന്നും സഹോദരൻ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.

 

കഴിഞ്ഞ മൂന്ന് ദിവസമായി ബം​ഗളൂരുവിലെ പരിശോധന നടത്തിയിരുന്നു. ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകി. എന്നിട്ടും വലിയ മാനസിക പീഡനം ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്നുണ്ടായി. കേരളത്തിൽനിന്നും അഡീഷണൽ കമീഷണർ കൃഷ്ണപ്രസാദും സംഘവുമാണ് റെയ്ഡ് നടത്തിയത്. പല പ്രാവശ്യവും ഉദ്യോ​ഗസ്ഥരിൽ നിന്നുമുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഹോദരൻ തന്നോട് പറഞ്ഞിരുന്നുവെന്നും ബാബു പറഞ്ഞു.

വെള്ളി വൈകുന്നേരമാണ് ബം​ഗളൂരു അശോക് ന​ഗറിലെ കോൺഫി​ഡന്റ് പെന്റ​ഗൺ എന്ന കോർപറേറ്റ് ഓഫീസിൽ ഐ ടി ഉദ്യോ​ഗസ്ഥർ പരിശോധന നടത്തവെ സി ജെ റോയ് (56) ആത്മഹത്യ ചെയ്തത്. കൊച്ചിയിൽനിന്നുള്ള ഉദ്യോ​ഗസ്ഥർ രാവിലെ മുതൽ ഓഫീസിൽ പരിശോധന നടത്തുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ റോയിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു.

 

ഉ​ദ്യോ​ഗസ്ഥർ ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ അവ എടുത്ത് നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അവിടെ വെച്ച് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചിലാണ് വെടിവെച്ചത്. ഉടൻ തന്നെ എച്ച്എസ്ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe