ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു: റിപ്പോർട്ട് ചെയ്‌തത് 20 മരണം

news image
Jul 20, 2024, 11:53 am GMT+0000 payyolionline.in

ഗാന്ധിന​ഗർ : ​ഗുജറാത്തിൽ ചാന്ദിപുര വൈറസ് പടരുന്നു. ഇന്ന് 7 പേർക്ക് കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. രോ​ഗം ബാധിച്ച് ഇതുവരെ 20 പേർ മരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 12ഓളം ജില്ലകളിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്.

സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ​ഗുജറാത്തിൽ ചികിത്സയിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോ​ഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ്‌ വൈറസ്‌ ബാധമൂലം മരിച്ചത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe