ന്യൂയോർക്: ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങി 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്). 5,364 കുട്ടികൾക്ക് പരുക്കേറ്റു. 30-ലധികം ഇസ്രയേലി കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും ഡസൻ കണക്കിന് പേർ ഗാസ മുനമ്പിൽ തടവിൽ കഴിയുന്നതായും റിപ്പോർട്ടുണ്ട്. ഗാസയിലെ സാഹചര്യം ധാർമികതയ്ക്കു മേലുള്ള കളങ്കമെന്നും യുനിസെഫ് പറഞ്ഞു.
ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും വ്യാപകമായ നാശം, നിരന്തര ആക്രമണങ്ങൾ, കുടിയിറക്കൽ, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം എന്നിവയാൽ വേദനാജനകമായ സംഭവങ്ങൾക്കും ആഘാതങ്ങൾക്കും വിധേയരായിട്ടുണ്ട്. കുട്ടികളെ കൊല്ലുന്നതും അംഗഭംഗം വരുത്തുന്നതും, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും, ആശുപത്രികൾക്കും സ്കൂളുകൾക്കും നേരെയുള്ള ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും യുനിസെഫ് വ്യക്തമാക്കി.
‘യുദ്ധങ്ങൾക്ക് പോലും നിയമങ്ങളുണ്ട്. സാധാരണക്കാർ സംരക്ഷിക്കപ്പെടണം, പ്രത്യേകിച്ച് കുട്ടികൾ. എല്ലാ സാഹചര്യങ്ങളിലും അവരെ ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തണം’ – യുനിസെഫ് മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക റിജിയനൽ ഡയറക്ടർ അഡെൽ ഖോദ്ർ പറഞ്ഞു. വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും അഭ്യർഥിക്കുന്നുവെന്നും ഖോദ്ർ കൂട്ടിച്ചേർത്തു.