ഗാസയിൽ പോളിയോ പടർന്നുപിടിക്കുന്നു; അതീവ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

news image
Jul 24, 2024, 7:02 am GMT+0000 payyolionline.in

ജനീവ: ഗാസയിൽ പോളിയോ ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതിൽ അതീവ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഗാസയിലെ വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പരാമർശം. ഈ സ്ഥിതി തുടർന്നാൽ യുദ്ധത്തിൽ മരിക്കുന്നവരേക്കാൾ കൂടുതൽപേർ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പലസ്തീൻ മേഖല ആരോഗ്യ വിഭാഗം തലവൻ അയാദിൽ സാപർബെകോവ് പറഞ്ഞു.

ഗാസയിലെ ജനങ്ങളിൽനിന്ന് സാംപിളുകൾ ശേഖരിച്ചു തുടങ്ങിയിട്ടില്ലെന്നും ഇതിനകം ആർക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും സാപർബെകോവ് കൂട്ടിച്ചേർത്തു. ഗാസാ മുനമ്പിലെ 6 ഇടങ്ങളിൽനിന്ന് ശേഖരിച്ച വെള്ളത്തിൽ ടൈപ്പ് 2 പോളിയോ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗ്ലോബൽ പോളിയോ ലബോറട്ടറി നെറ്റ്‌വർക്ക് കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

ഗാസയിൽ കഴിഞ്ഞവർഷം ഹെപ്പറ്റൈറ്റിസ് എ പടർന്നു പിടിച്ചിരുന്നു. അതിനു പിന്നാലെയാണ് പോളിയോ ഭീഷണിയും. തകർന്ന ആരോഗ്യസംവിധാനങ്ങളും ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അപര്യാപ്തതയും ആരോഗ്യസേവനങ്ങൾക്ക് ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണം ഗുരുതര സാഹചര്യമാണ് ഗാസയിലെന്നും സാപർബെകോവ് മുന്നറിയിപ്പ് നൽകുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe