ഗാസയിൽ ആക്രമണം തുടരുന്നു; ഹമാസ്‌ മുതിർന്ന കമാൻഡറെ വധിച്ചെന്ന്‌ ഇസ്രയേൽ

news image
Oct 14, 2023, 3:54 pm GMT+0000 payyolionline.in

ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന്‌ റിപ്പോർട്ട്‌. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുറാദ് അബു മുറാദ് ആണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. എന്നാൽ ഇക്കാര്യം ഹമാസ്‌ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, വടക്കന്‍ ഗാസയിലെ പതിനൊന്നു ലക്ഷം ആളുകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഒഴിഞ്ഞുപോവണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം അത്യന്തം അപകടകരമെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. അസാധ്യമായ കാര്യമാണത്. യുദ്ധങ്ങള്‍ക്കുപോലും ചില നിയമങ്ങളെക്കെയുണ്ടെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ജനങ്ങള്‍ തെക്കന്‍ ഭാഗത്തേക്കു മാറണമെന്നാണ് ഇന്നലെ ഇസ്രയേല്‍ ആവശ്യപ്പെട്ടത്. ഇസ്രയേലി സൈന്യം ഇക്കാര്യം ഗാസയിലെ ഐക്യരാഷ്‌ട്ര പ്രതിനിധികളെ അറിയിക്കുകയായിരുന്നു.സ്‌കൂളുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും യുഎന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതു ബാധകമാണെന്നായിരുന്നു ഇസ്രയേലിന്റെ അന്ത്യശാസനം.

പതിനൊന്നു ലക്ഷം ജനങ്ങളെ ഭക്ഷണവും വെള്ളവും താമസ സൗകര്യവുമൊന്നുമില്ലാതെ ഒഴിപ്പിക്കുകയെന്നത് അപടകരമായ കാര്യമാണെന്ന് ഗുട്ടറസ് പറഞ്ഞു. അത് അസാധ്യമാണ്. തെക്കന്‍ ഗാസയിലെ ആശുപത്രികള്‍ ഇതിനകം തന്നെ നിറഞ്ഞ അവസ്ഥയിലാണ്. ഇവിടേക്ക് വടക്കന്‍ ഭാഗത്തുനിന്നുള്ളവരെ എങ്ങനെ പ്രവേശിപ്പിക്കും? ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും യുഎന്‍ മേധാവി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ 34 തവണയാണ് ആക്രമണമുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗാസയിലെ സ്ഥിതി അത്യന്തം അപകടകരമാണ് ഗുട്ടറസ് പറഞ്ഞു. യുദ്ധങ്ങള്‍ക്കു പോലും ചില നിയമങ്ങളുണ്ട്. ഗാസയില്‍ അടിയന്തരമായി മാനുഷിക സഹായമെത്തിക്കണം. ഭക്ഷണവും വെള്ളവും ഇന്ധനവും എത്തിക്കണം. രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കാന്‍ നടപടി വേണമെന്ന് യുഎന്‍ മേധാവി ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe