ഗാസയിലെ ഇസ്രയേൽ യുദ്ധം: തീവ്രത കുറയ്‌ക്കാൻ സമയമായെന്ന്‌ അമേരിക്ക

news image
Jan 16, 2024, 5:10 am GMT+0000 payyolionline.in
ഗാസ സിറ്റി: ഗാസയിലെ ഇസ്രയേൽ യുദ്ധം 100 ദിവസം പിന്നിട്ടപ്പോൾ ആക്രമണത്തിന്റെ തീവ്രത കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അമേരിക്ക. 10,400 കുട്ടികളടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം  24,100 ആയ ഘട്ടത്തിലാണ്‌ പ്രതികരണം. 24 മണിക്കൂറിനിടെ 132 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആക്രമണത്തിന്റെ തീവ്രത കുറയ്‌ക്കാനുള്ള ശരിയായ സമയമിതാണെന്നും ഇക്കാര്യത്തിൽ ഇസ്രയേലുമായി ചർച്ചചെയ്യുകയാണെന്നും വൈറ്റ്‌ ഹൗസ്‌ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ്‌ ജോൺ കിർബി പറഞ്ഞു. അതേസമയം, യുദ്ധ ചെലവുകൾക്കായി ബജറ്റ് വിഹിതം വർധിപ്പിക്കാൻ ഇസ്രയേൽ കാബിനറ്റ്‌ യോഗം ചേരുന്നുണ്ട്‌.

സൈന്യം ഖാൻ യൂനിസ്‌ ഒഴിയണമെന്നും ഹമാസ്‌ ബന്ദികളാക്കിയവരെ ജീവനോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഇസ്രയേൽ റിസർവ്‌ സേനയുടെ മേജർ ജനറൽ യിത്സാക്ക് ബാരിക് ആവശ്യപ്പെട്ടു.  ഇസ്രയേൽ മാധ്യമമായ ന്യൂസ്‌ 13ലെ അഭിമുഖത്തിലാണ്‌ പ്രതികരണം. അതിനിടെ, ഗാസയിലെ ജനങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന കേസിൽ ഇസ്രയേലി ഫുട്ബോൾ താരം സാഗിവ് ജെഹെസ്കെലിനെ തുർക്കിയ അറസ്റ്റുചെയ്‌തു. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നതിനെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കൻ നിയമസംഘത്തിന്‌ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന്‌ കൊളംബിയ പ്രസിഡന്റ്‌ ഗുസ്‌താവോ പെട്രോ പറഞ്ഞു. അതേസമയം, ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിനുനേരെ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ അമേരിക്ക തകർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe