കോഴിക്കോട്: എസ്എഫ്ഐ പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തി. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ അകത്തുകയറ്റില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ് കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഗവർണർ അകത്തു പ്രവേശിച്ചത്.
വന്‍ പൊലീസ് സന്നാഹത്തില്‍ പ്രധാന കവാടത്തിലൂടെയാണ് ഗവർണർ അകത്തുകടന്നത്. ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തർ സർവകലാശാലാ കവാടത്തിൽ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. മറ്റൊരു കവാടത്തിനു മുന്നിലാണ് എസ്എഫ്ഐ പ്രതിഷേധം. ഡൽഹിയിൽ നിന്ന് വൈകിട്ട് ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ, 7.15 ഓടെയാണ് സർവകലാശാലയിലെത്തിയത്. ക്യാംപസിനു പുറത്ത് ദേശീയപാതയ്ക്കരികിൽ അൻപതോളം എസ്എഫ്ഐ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി പ്രതിഷേധിക്കുന്നു. എന്നാൽ, പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നതിനാൽ ഗവർണർ കടന്നുപോകുന്ന ഭാഗത്തേക്കെത്താനായില്ല.