കൊല്ലം : ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ പത്തനാപുരം എൻഎസ്എസ് യൂണിയൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജി സുകുമാരൻ നായരെ സമീപിച്ച് ഒരു വിഭാഗം പ്രവർത്തകർ. പത്മ കഫേ നിർമ്മാണത്തിലെ അഴിമതി അടക്കം വിവിധ കാര്യങ്ങൾ ആരോപിച്ചാണ് ഗണേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഗണേഷിന് ഏകാധിപത്യ പ്രവണതയെന്നും താലൂക്ക് യൂണിയൻ അംഗങ്ങൾ പറഞ്ഞു. 15 പ്രവർത്തകരാണ് എൻഎസ്എസിൻ്റെ ആസ്ഥാനത്ത് എത്തി പരാതി നൽകിയത്.
അതേസമയം പത്തനാപുരം എൻഎസ്എസ് യൂണിയൻ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടതിന് പിന്നാലെ മറുപടിയുമായി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. പത്തനാപുരം എൻഎസ്എസ് യൂണിയനിൽ ഒരു പ്രശ്നവും ഇല്ലയെന്നും അച്ഛനാണ് അങ്ങനെ ഒരു യൂണിയൻ ഉണ്ടാക്കിയതെന്നും പണം അടിച്ചുമാറ്റാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടാകും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് അന്തശ്ഛിദ്രം ഉണ്ടാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും നായന്മാർക്കിടയിൽ അന്തശ്ഛിദ്രം ഉണ്ടാക്കാനുള്ള ശ്രമം കോൺഗ്രസിൻ്റെതാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
