ബെംഗളൂരു: കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിനെ കൂട്ടാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ വിമാനക്കമ്പനിയായ എയർ ഏഷ്യ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനവത്താവളത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ലോഞ്ചിൽ കാത്തിരിക്കുകയായിരുന്ന ഗവർണർ ബോർഡിങ് ഗേറ്റിൽ എത്തുന്നതിനു മുൻപുതന്നെ ഹൈദരാബാദിലേക്കുള്ള വിമാനം പുറപ്പെടുകയായിരുന്നു.
സംഭവം പ്രോട്ടോക്കോൾ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് ഗവർണർക്കൊപ്പമുള്ള ഉദ്യോഗസ്ഥർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. അതേസമയം, ഗവർണറുടെ ഓഫിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എയർ ഏഷ്യ അധികൃതർ പ്രതികരിച്ചു.