കർണാടകയിൽ വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരൻ കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ

news image
Sep 6, 2024, 2:32 pm GMT+0000 payyolionline.in

ബം​ഗളുരു: കർണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരൻ കുത്തേറ്റു മരിച്ചു. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം  ആറ് മണിയോടെയാണ് സംഭവം. ടെർമിനൽ ഒന്നിന് സമീപമുള്ള പാർക്കിംഗ് ഏരിയയിലാണ് ഇയാൾ കുത്തേറ്റ് മരിച്ചത്.

രമേശിൻ എന്നയാളാണ് രാമകൃഷ്ണയെ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രതി ജീവനക്കാരനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ ശുചി മുറിക്ക് സമീപമാണ് രാമകൃഷ്‌ണയെ പ്രതിയായ രമേശ് ആക്രമിച്ചത്.

രമേശ് കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ വിവരം. സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

2022ൽ രമേശും ഭാര്യയും വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഭാര്യയ്ക്ക് രാമകൃഷ്ണയുമായി രഹസ്യബന്ധമുണ്ടെന്ന് സംശയിച്ച് ഇതിന് മുൻപും കൊലപ്പെടുത്താൻ രമേശൻ ശ്രമിച്ചിട്ടുള്ളതായാണ് വിവരം. വിമാനത്താവള സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ രമേശിനെ സംഭവസ്ഥലത്ത് വെച്ച് പിടികൂടി. ഇയാളെ പിന്നീട് ബിഐഎഎൽ പോലീസിന് കൈമാറി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe