ബംഗളൂരു: കർണാടകയിൽ വനിതാ യാത്രക്കാർക്ക് സൗജന്യ യാത്രയെന്ന പദ്ധതി പ്രകാരം സർവീസ് നടത്തുന്ന ബസ് ഓടിച്ച് കോൺഗ്രസ് എം.എൽ.എ. രൂപകല എം.ശശിധരാണ് ബസ് ഓടിച്ചത്. കോലർ ഖനി മേഖലകളിൽ നിന്നുള്ള എം.എൽ.എയാണ് രൂപകല. സ്ത്രീകൾക്ക് പ്രചോദനമാകാനാണ് താൻ വാഹനമോടിച്ചതെന്ന് എം.എൽ.എ പറഞ്ഞു.എം.എൽ.എ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. എം.എൽ.എയുടെ സമീപത്ത് ബസ് ഡ്രൈവർ നിന്ന് നിർദേശം നൽകുന്നുണ്ട്. 100 മീറ്ററോളം ദൂരം എം.എൽ.എ വാഹനമോടിച്ചു. ബസിൽ യാത്രക്കാരുമുണ്ടായിരുന്നു.
കാഴ്ചക്കാരായി ചുറ്റും നിറയെ ആളുകളുണ്ടായിരുന്നു. ആളുകളിലേക്ക് ബസ് ഇടിച്ചു കയറിയെന്നും നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചന്നും വാർത്തകൾ പ്രചരിച്ചിരുന്നു. പിറകോട്ടെടുത്തപ്പോൾ വാഹനങ്ങളിലിടിച്ചുവെന്നായിരുനു വാർത്തകൾ.
എന്നാൽ ബസ് ആളുകളെയോ വാഹനങ്ങളോ ഇടിച്ചിട്ടില്ലെന്നും ബസ് അപകടത്തിൽ പെട്ടുവെന്നത് വ്യാജവാർത്തയാണെന്നും എം.എൽ.എ പറഞ്ഞു.അതേസമയം, ഡ്രൈവിങ് അറിയാമെന്ന് എം.എൽ.എ പറഞ്ഞെങ്കിലും അവർക്ക് ഹെവി വെഹിക്കിൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.ഞായറാഴ്ചയാണ് സർക്കാറിന്റെ ശക്തി യോജന പദ്ധതിക്ക് കീഴിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ത്രീകൾക്കായി സൗജന്യ ബസ് സർവീസ് ഉദ്ഘാടനം ചെയ്തത്.