കർണാടകയിൽ ഡോക്ടർമാർ കന്നഡയിൽ കുറിപ്പടി എഴുതണമെന്ന് ആവശ്യം

news image
Sep 10, 2024, 5:03 am GMT+0000 payyolionline.in

ബംഗളൂരു: എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷയിൽ കുറിപ്പടി എഴുതുന്നത് നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവുവിനോട് ആവശ്യപ്പെട്ട് കന്നഡ വികസന അതോറിറ്റി(കെ.ഡി.എ).

കന്നഡയോടുള്ള അവരുടെ സ്നേഹത്തിനും “ഭാഷക്ക് അനുകൂലമായ പ്രവർത്തനങ്ങൾക്കും” അംഗീകാരമായി എല്ലാ വർഷവും ഡോക്ടർമാരുടെ ദിനത്തിൽ താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ഡോക്ടർമാരെ ആദരിക്കണമെന്നും കെ.ഡി.എ ചെയർപേഴ്സൺ പുരുഷോത്തം ബിളിമലെ നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഭാഷാ സ്നേഹികളായ ഡോക്ടർമാരെയും കന്നഡ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

കന്നഡ ഭാഷയുടെ പുരോഗതിക്ക് ഇത് ഏറെ സഹായകമാകുമെന്നും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. അടുത്തിടെ റെയ്ച്ചൂരിൽ ഔദ്യോഗിക സന്ദർശന വേളയിൽ കന്നഡയിൽ കുറിപ്പടി എഴുതാൻ സർക്കാർ ഡോക്ടർമാരെ പ്രേരിപ്പിച്ചതായും ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അവിടെയുള്ള ഡെപ്യൂട്ടി കമീഷനറോട് നിർദ്ദേശിച്ചതായും കെ.ഡി.എ മേധാവി പറഞ്ഞു. പലരും കന്നഡയിൽ എഴുതിയ കുറിപ്പടികൾ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും പ്രവർത്തിക്കുന്ന സർക്കാർ ഡോക്ടർമാർ കുറിപ്പടി എഴുതുമ്പോൾ കന്നഡക്ക് മുൻഗണന നൽകിയാൽ അത് കന്നഡ വ്യക്തിത്വം സംരക്ഷിക്കുന്നതിനുള്ള വലിയ ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe