ബംഗളൂരു: കർണാടകയിലെ പ്രശസ്തമായ ഹൊയ്‌സാല ക്ഷേത്രങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. ബേലൂർ, ഹലേബിഡ്, സോമനന്തപുര എന്നിവിടങ്ങളിലെ ഹൊയ്സാല ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്. യുനെസ്‌കോ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് ബേലൂര്‍, ഹാലേബിഡ് എന്നീ സ്ഥലങ്ങള്‍. മൈസൂരു ജില്ലയിലാണ് സോമനന്തപുര. ഹാസന്‍ ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണി ഹൊയ്സാല ക്ഷേത്രങ്ങള്‍. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതോടെ ഇവിടങ്ങളിലേക്കുള്ള രാജ്യാന്തര ടൂറിസം സാധ്യതകള്‍ വര്‍ധിക്കും. 2014 ഏപ്രിൽ മുതൽ യുനെസ്‌കോയുടെ താത്ക്കാലിക പട്ടികയിൽ ഹോയ്‌സാല ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ജനുവരിയിലാണ് 2022-23 വര്‍ഷത്തില്‍ ലോക പൈതൃക പട്ടികയില്‍ ഹൊയ്ശാല ക്ഷേത്രങ്ങളെ പരിഗണിക്കാന്‍ ഇന്ത്യ ശക്തമായ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്നാണ് ഇന്ത്യയുടെ നാമനിര്‍ദേശം യുനെസ്കോ പരിഗണിച്ചത്.
നിലവില്‍ പുരാവസ്തുവകുപ്പിന് കീഴിലാണ് ഈ മൂന്നു ഹൊയ്സാല ക്ഷേത്രങ്ങളും. 12-13 നൂറ്റാണ്ടുകളിലാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത്. ഹൊയ്‌സാല രാജവംശ കാലഘട്ടത്തിലെ കലാകാരന്മാരുടെയും വാസ്തുശിൽപികളുടെയും സർഗ്ഗാത്മകതയുടെയും വൈദഗ്ധ്യത്തിന്‍റെ പ്രതീകങ്ങളായാണ് ഹോയ്‌സാല ക്ഷേത്രങ്ങൾ ഇന്നും നിലകൊള്ളുന്നത്. ഹൊയ്ശാല രാജവംശത്തിന്‍റെ തലസ്ഥാനം ആദ്യം ബേലൂരിലായിരുന്നു. പിന്നീട് ഹാലെബിഡിലേക്ക് മാറി. ഹൊയ്സാല ക്ഷേത്രങ്ങൾക്ക് ദ്രാവിഡൻ ഘടനയാണുള്ളത്. തികച്ചും യാഥാർഥ്യമെന്ന് തോന്നുന്ന തരത്തിലുള്ള ശിൽപ്പങ്ങൾ, ശിലാരൂപങ്ങൾ, പ്രദക്ഷിണ പാത, ശിൽപ്പ ഗാലറി എന്നിവയാണ് ക്ഷേത്രങ്ങളിലെ ആരാധനാലയങ്ങളുടെ പ്രധാന സവിശേഷതയെന്ന് യുനെസ്‌കോ പരമാർശിച്ചു. ഇന്ത്യയുടെ ശക്തമായ സാംസ്കാരിക പൈതൃകത്തിന്‍റെയും പൂര്‍വീകരുടെ അത്ഭുതകരമായ കരകൗശലത്തിന്‍റെ ഉദാഹരണവുമാണ് ഹൊയ്സാല ക്ഷേത്രങ്ങളെന്നും പൈതൃക പട്ടികയില്‍ ഇടംപിടിച്ചത് ഇന്ത്യക്ക് കൂടുതല്‍ അഭിമാനമായി മാറുകയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സെപ്റ്റംബർ 17-ന് പശ്ചിമബംഗാളിൽ സ്ഥിതിചെയ്യുന്ന ശാന്തിനികേതനെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായി യുനെസ്‌കോ അറിയിച്ചിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് രവീന്ദ്രനാഥ ടാഗോർ നിർമ്മിച്ചതാണ് ശാന്തിനികേതൻ.