കൻവര്‍ യാത്ര; യുപി സര്‍ക്കാരിന്‍റെ വിവാദ ഉത്തരവിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടല്‍, ഉത്തരവ് സ്റ്റേ ചെയ്തു

news image
Jul 22, 2024, 8:25 am GMT+0000 payyolionline.in
ദില്ലി: കൻവർ യാത്രാ വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. താൽകാലികമായാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവിനെതിരായ ഹര്‍ജികളിൽ യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് എസ്‍വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റേതാണ് നടപടി. ഏത് ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

വിവിധ വ്യക്തികൾ നൽകിയ ഹർജികളാണ് കോടതി പരി​ഗണിച്ചത്. തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രയും സന്നദ്ധ സംഘടനകളുമടക്കം സർക്കാർ ഉത്തരവുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് വിഭാ​ഗീയത വളർത്താൻ കാരണമാകുമെന്നും, ഒരു വിഭാ​ഗക്കാർക്കെതിരെ സാമ്പത്തിക ഭ്രഷ്ട് കൽപിക്കാൻ സാഹചര്യം ഒരുക്കുമെന്നുമാണ് ഹർജിക്കാർ വാദിച്ചത്. അതേസമയം, കൻവർ യാത്രക്ക് ഇന്ന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ​ഗം​ഗാജലം ശേഖരിക്കാൻ പോകുന്ന തീർത്ഥാടകർ നടക്കുന്ന വഴികളിൽ ഡ്രോൺ നിരീക്ഷണം അടക്കം ഏർപ്പെടുത്തിയതായി യുപി പോലീസ് അറിയിച്ചു.

കൻവർ തീർത്ഥാടകർ യാത്ര ചെയ്യുന്ന മുസഫർ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി സർക്കാർ ഉത്തരവാണ് വിവാദമായത്. നടപടിക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയെങ്കിലും മറ്റ് ജില്ലകളിലും യുപി സർക്കാർ സമാന നിർദേശം നൽകിയതോടെ വിവാദം ശക്തമായി. മധ്യപ്രദേശിലെ ഉജ്ജയിനിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാന ഉത്തരവ് നൽകിയിരുന്നെന്ന വിവരവും പുറത്തുവന്നു. എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ പോലും എതിര്‍പ്പ് പരസ്യമാക്കിയെങ്കിലും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe