കൺസ്യൂമർഫെഡ്‌ ഓണച്ചന്തകൾക്ക്‌ തുടക്കം ; 1500 രൂപയുടെ 
സാധനങ്ങൾക്ക് 930 രൂപ

news image
Sep 7, 2024, 6:27 am GMT+0000 payyolionline.in

തിരുവനന്തപുരം:  ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ ​ഗുണമേന്മയുള്ള നിത്യോപയോ​ഗ സാധനങ്ങൾ ലഭ്യമാക്കാൻ കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1500 ഓണച്ചന്തകൾ തുടങ്ങി. കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിയുടെ സംസ്ഥാന ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിലാണ് നല്‍കുന്നത്. പൊതുവിപണിയിൽ 1500 രൂപയിലേറെ വിലയുള്ള സാധനങ്ങൾ റേഷൻ കാർഡുമായെത്തിയാൽ  930 രൂപയ്ക്ക്  ലഭിക്കും. പൊതുവിപണിവിലയെക്കാൾ 30 മുതൽ -50 ശതമാനം വരെ വിലക്കുറവിലാണ്‌ നല്‍കുന്നത്.

ഓണച്ചന്തകളിൽ കുടുംബശ്രീയുടെയും സഹകരണസംഘങ്ങളുടെയും സഹകരണത്തോടെ നാടൻ പച്ചക്കറികളുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള 166 ത്രിവേണി സ്റ്റോറുകൾ, 24 മൊബൈൽ ത്രിവേണി സ്റ്റോറുകൾ എന്നിവിടങ്ങളിലൂടെ കുറഞ്ഞവിലയില്‍ സാധനങ്ങൾ ലഭിക്കും.  നീതി സ്റ്റോറുകൾ വഴിയും സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. ത്രിവേണി സൂപ്പർ മാർക്കറ്റ്‌, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോർ, പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘം, എസ്‌സി, എസ്ടി സംഘം, ഫിഷർമെൻ സഹകരണ സംഘം എന്നിവ മുഖേനയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.

 

 

സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ആന്റണി രാജു എംഎൽഎ ത്രിവേണി ഉൽപ്പന്നങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്, സഹകരണ രജിസ്ട്രാർ സജിത്ബാബു, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe