ക്ഷേമ പെൻഷൻ കേന്ദ്ര വിഹിതം മുടക്കി, പകരം കേരളം കൊടുത്തതും വിതരണം ചെയ്യുന്നില്ല, ആരോപണവുമായി ധനകാര്യമന്ത്രി

news image
Jul 5, 2024, 11:23 am GMT+0000 payyolionline.in
തിരുവനന്തപുരം: ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും പെൻഷൻ കാർക്ക്‌ തുക കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. മുതിർന്നവർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട 6.88 ലക്ഷം പേർക്കാണ്‌ ചെറിയ തോതിൽ കേന്ദ്ര സഹായമുള്ളത്‌. അത്‌ കേന്ദ്ര സർക്കാർ മുടക്കിയിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ കേന്ദ്ര സഹായവും സംസ്ഥാനം മൂൻകൂറായി തുക നൽകിയത്‌. എന്നാൽ, അതും പെൻഷൻകാർക്ക്‌ വിതരണം ചെയ്യാത്ത കേന്ദ്ര സർക്കാർ ക്ഷേമ പെൻഷൻകാരെ വലയ്‌ക്കുകയാണെന്നും മന്ത്രി  പറഞ്ഞു.

നിലവിൽ ക്ഷേമ പെൻഷൻകാർക്ക്‌ 1600 രൂപ വീതം സംസ്ഥാന സർക്കാർ എല്ലാ മാസവും നൽകുന്നുണ്ട്‌.  ഇതിൽ 6.88 ലക്ഷം പേർക്കാണ്‌ കേന്ദ്ര വിഹിതമുള്ളത്‌. അതും 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ തുക കേന്ദ്ര സർക്കാർ വിഹിതമായി അനുവദിക്കേണ്ടത്‌. ഈ വിഹിതം മുടക്കുന്ന സാഹചര്യത്തിൽ, മുഴുവൻ തുകയും പെൻഷൻകാർക്ക്‌ അതാത്‌ മാസം ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ മുൻകൂറായി പണം അനുവദിക്കുന്നു.

കേന്ദ്ര വിഹിതം വിതരണം ചെയ്യേണ്ടത്‌ പിഎഫ്‌എംഎസ്‌ (പബ്ലിക്‌ ഫിനാൻസ്‌ മാനേജുമെന്റ്‌ സിസ്‌റ്റം) എന്ന കേന്ദ്ര സർക്കാർ സംവിധാനം വഴിയാണ്‌. സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുമ്പോൾതന്നെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ വിഹിതവും പിഎഫ്‌എംഎസിന്റെ കേരളത്തിലെ യുണിറ്റ്‌ അധികൃതർക്ക്‌ കൈമാറുന്നുണ്ട്‌. എന്നാൽ, ഗുണഭോക്താക്കളിൽ വലിയ വിഭാഗത്തിനും ഈ തുക ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ വിഹിതം മാത്രമാണ്‌ ഇവരുടെ അക്കൗണ്ടുകളിൽ എത്തുന്നത്‌.

ഇത്തരത്തിൽ സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ്‌ സംസ്ഥാനം നൽകിയ തുകയും കേന്ദ്രം കൃത്യമായി വിതരണം ചെയ്യാതെ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുകയാണ്‌. കേരളം തുക കൈമാറി  ആഴ്‌ചകൾ കഴിഞ്ഞാലും പെൻഷൻക്കാർക്ക്‌ അത്‌ എത്തിക്കാൻ പിഎഫ്‌എംഎസ്‌ സംവിധാനത്തിന്‌ കഴിയുന്നില്ല. എന്നാൽ, സംസ്ഥാന സർക്കാർ ഈ തുക കുറച്ചാണ്‌ പെൻഷൻ വിതരണം ചെയ്യുന്നതെന്ന്‌ പ്രചരിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന്‌ ശ്രമങ്ങളുമുണ്ടാകുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതലാണ്‌ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ എന്ന നെറ്റ്‌വർക്ക്‌ വഴി ആക്കണമെന്ന നിർദേശം വന്നത്‌. ഇല്ലെങ്കിൽ കേന്ദ്രം വിഹിതം നിഷേധിക്കുമെന്ന അറിയിപ്പുമുണ്ടായി. ഇതനുസരിച്ച്‌ കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ്‌ കേന്ദ്ര സർക്കാർ അറിയിച്ചത്‌. എന്നാൽ, കേന്ദ്ര സർക്കാർ വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയായി.

ഈ സാഹചര്യത്തിലാണ്‌ പെൻഷൻകാരുടെ പ്രയാസങ്ങൾ കുറയ്‌ക്കാനായി ഈ തുകയും സംസ്ഥാന സർക്കാർ മുൻകൂറായി നാൽകാൻ തീരുമാനിച്ചത്‌. പലപ്പോഴും വായ്‌പ എടുക്കുന്ന പണമാണ്‌ ഇത്തരത്തിൽ കേന്ദ്ര വിഹിതം വിതരണം ചെയ്യാനായി കൈമാറുന്നത്‌. നിലവിൽ സംസ്ഥാനത്ത്‌ അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളാണുള്ളത്‌. ഇതിൽ വാര്‍ദ്ധക്യകാല, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ ഗുണഭോക്താക്കളിലെ 6.88 ലക്ഷം പേർക്കാണ്‌ കേന്ദ്ര സഹായം ലഭിക്കേണ്ടത്‌.

ഇത്‌ കൃത്യമായി നൽകാത്തതിനാൽ 200 മുതൽ 500 രൂപവരെ പ്രതിമാസ പെൻഷനിൽ കുറയുന്നത്‌ മൂലമുള്ള പ്രയാസങ്ങൾ ഒഴിവാക്കാനാണ്‌ സംസ്ഥാനം മുൻകൂറായി തുക നല്‍കുന്നതും, തുടർന്ന്‌ റീ-ഇമ്പേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുന്നതും. ഇത്തരത്തില്‍ 2021 ജനുവരി മുതല്‍ സംസ്ഥാനം നല്‍കിയ കേന്ദ്ര വിഹിതം കുടിശികയായിരുന്നു. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടു. തുടർന്ന്‌ 2023 ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിനുശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe