തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലെ 16 ക്ഷേമനിധി ബോർഡുകളിലൂടെ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഇനി ആധാർ അധിഷ്ഠിതമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന ‘അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം’ (എ.ഐ.ഐ.എസ്) സോഫ്റ്റ്വെയറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
ഇനിമുതൽ ആനുകൂല്യങ്ങൾ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് വിതരണം ചെയ്യുക. ഇത് ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കാൻ സഹായിക്കും. എ.ഐ.ഐ.എസ് സോഫ്റ്റ്വെയറിൽ വിവരങ്ങൾ ശേഖരിച്ചിട്ടുള്ള 16 ക്ഷേമനിധി ബോർഡുകളിലെയും അംഗങ്ങൾക്ക് ആധാർ അധിഷ്ഠിത സവിശേഷ തിരിച്ചറിയൽ കാർഡ് നൽകും.
തൊഴിലാളികൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രം, ക്ഷേമനിധി ബോർഡ് ഓഫിസുകൾ എന്നിവ വഴിയോ സോഫ്റ്റ്വെയറിൽ വിവരങ്ങൾ പുതുക്കാനും തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാനും സാധിക്കും. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനും സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ വിരൽത്തുമ്പിൽ എത്തിക്കാനും പദ്ധതി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
