ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് നിയന്ത്രിക്കും; ദേവസ്വം ബോർഡും തന്ത്രിമാരും ധാരണയിലെത്തി

news image
Mar 25, 2025, 5:06 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിൽ ഉത്സവച്ചടങ്ങുകൾക്കിടെ ആനകളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും തന്ത്രിമാരും തമ്മിൽ നടന്ന യോഗത്തിൽ ധാരണ. ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തുന്നതിനു  നടപടികളെടുക്കും. തീരുമാനങ്ങൾ സർക്കാരിനെ അറിയിച്ച് പ്രാബല്യത്തിൽ വരുത്തും.

ആറാട്ട്, പള്ളിവേട്ട തുടങ്ങിയ ആചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ആനയെ ഒഴിവാക്കാനാകില്ല. അതേസമയം വീടുകളിൽ ആനയുമായി പോയി പറയെടുക്കുന്നതും സപ്താഹം, നവാഹം തുടങ്ങിയവയിൽ ആനയെ എഴുന്നള്ളിക്കുന്നതും ഒഴിവാക്കും. കൂടുതൽ ആനകളെ അണിനിരത്തി ഉത്സവം നടത്തുന്നതും സ്ഥലപരിമിതിയുള്ള ക്ഷേത്രങ്ങളിൽ ആനകളെ കൊണ്ടുവരുന്നതും നിയന്ത്രിക്കും.

എഴുന്നള്ളിപ്പുകളുടെ ദൈർഘ്യം കുറയ്ക്കാമെന്ന് തന്ത്രിമാർ അറിയിച്ചു. തൃശൂർ പൂരത്തിന്റെ മാതൃകയിൽ മറ്റിടങ്ങളിൽ ഉത്സവങ്ങൾ നടത്തുന്നത് പ്രോത്സാഹിപ്പിക്കില്ല. ഇത്തരം കാര്യങ്ങളിൽ ക്ഷേത്രോപദേശക സമിതികൾ നിയന്ത്രണം കൊണ്ടുവരണമെന്ന് ദേവസ്വം ബോർഡ് നിർദേശിച്ചു.

ആറാട്ടുകുളങ്ങളിലേക്കു കിലോമീറ്ററുകൾ ചുറ്റി ആനയെ കൊണ്ടുപോകുന്നതും കടുത്ത ചൂടിൽ റോഡിലൂടെ നടത്തുന്നതും വിലക്കും. ആനകളുടെ സമീപം ലേസർ ലൈറ്റ്, ഡിജെ മേളം, കാതടപ്പിക്കുന്ന മറ്റു ശബ്ദങ്ങൾ എന്നിവ ആനയെ പ്രകോപിപ്പിക്കുമെന്നതിനാൽ ഒഴിവാക്കും. വെടിക്കെട്ട് നിയന്ത്രിക്കും.

ആന എഴുന്നള്ളിപ്പിന് 2012 ലെ ‘കേരള കാപ്റ്റീവ് എലിഫന്റ് മാനേജ്മെന്റ് ആൻഡ് മെയ്ന്റനൻസ് റൂൾസ്’ മാനദണ്ഡമാക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ അറിയിച്ചു. ആനയെ സംബന്ധിച്ച പ്രോഗ്രാം ചാർട്ടുകൾ വനം വകുപ്പ് അധികൃതർക്കും അനിമൽ വെൽഫെയർ ഓർഗനൈസേഷനും മുൻകൂർ നൽകി അനുമതി തേടണം. തന്ത്രവിദ്യാപീഠം വർക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, അഖില കേരള തന്ത്രിസമാജം പ്രതിനിധികളായ സൂര്യകാലടി സൂര്യൻ പരമേശ്വരൻ നമ്പൂതിരിപ്പാട്, കോക്കുളം മാധവര് ശംഭു പോറ്റി, പെരിഞ്ഞേരി വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe