‘കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല, സുധാകരന്റെ കാര്യം അദ്ദേഹം തന്നെ തീരുമാനിക്കട്ടെ’; കെ സി വേണുഗോപാൽ

news image
Mar 5, 2026, 8:11 am GMT+0000 payyolionline.in

ആലപ്പുഴ: ജി സുധാകരനും പാർട്ടിയും തമ്മിലുള്ള പ്രശ്നം ആഭ്യന്തര കാര്യമെന്നും അത് പാർട്ടി തന്നെ തീരുമാനിക്കട്ടെയെന്നും ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ. സുധാകരൻ പറഞ്ഞത് അനുഭവിച്ച കാര്യങ്ങളാണെന്നും അദ്ദേഹം എന്തെങ്കിലും തീരുമാനമെടുത്താൽ അഭിപ്രായം പറയാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സുധാകരനുമായി കോൺഗ്രസ് ഒരു രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകരൻ പക്വതയും അനുഭവസമ്പത്തുമുളള രാഷ്ട്രീയനേതാവാണെണെന്നും കെ സി വേണുഗോപാൽ പുകഴ്ത്തി. സുധാകരൻ രാഷ്ട്രീയമായ തീരുമാനം എടുക്കുമ്പോൾ ഞങ്ങൾ പ്രതികരിക്കും. പാർട്ടിക്കതീതമായും ജനങ്ങൾ ഇഷ്ടപ്പെടുന്ന നേതാവാണ് അദ്ദേഹം.സുധാകരനെപ്പോലെ നിരവധി പേർ അനുഭവിക്കുന്നുണ്ട് എന്നും കെ സി പറഞ്ഞു. സിപിഐഎം ഭരണം പാർട്ടിയുടെയോ പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാനോ അല്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. സിപിഐഎമ്മിന്റെ ശൈലി ആകെ മാറി എന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

ഉമ്മൻ‌ചാണ്ടി – പിണറായി വിജയൻ ഭരണങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള പത്രപരസ്യത്തിനെതിരെയും കെ സി വേണുഗോപാൽ രംഗത്തെത്തി. സർക്കാർ പൊതുപണം ദുരുപയോഗം ചെയ്യുകയാണ്. തകർന്ന പ്രതിച്ഛായ നന്നാക്കാനാണ് ഈ ധൂർത്ത്. സീരിയലിൽ പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണുള്ളത്. തെറ്റായ കാര്യങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ദൂർത്തിന് ജനം മറുപടി നൽകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം, പാർട്ടിയുമായി ഇടഞ്ഞ സുധാകരനെ അനുനയിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് താൻ ചിരിച്ചതെന്നും പരിഹസിച്ചതല്ലെന്നും ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു.

എം വി ഗോവിന്ദൻ അടക്കം തന്നെ പരിഹസിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം എഴുതിയ എഫ്ബി പോസ്റ്റിൽ സുധാകരൻ പറഞ്ഞിരുന്നത്. സുധാകരനെ പരിഗണിക്കുന്നില്ല എന്നായിരുന്നു വാർത്താസമ്മേളനത്തിനിടയിൽ എം വി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ സുധാകരനെ വിളിച്ച ഗോവിന്ദൻ ഇതിൽ വ്യക്തത വരുത്തുകയായിരുന്നു. വാർത്താ സമ്മേളനത്തിനിടെ താൻ ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് എന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. മാധ്യമങ്ങൾ കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്നും പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്നും ഗോവിന്ദൻ സുധാകരനോട് ആവശ്യപ്പെട്ടു.

സുധാകരനെ ചുമതലകളിലേക്ക് പരിഗണിക്കാൻ പാർട്ടി ഒരുങ്ങുന്നുണ്ട് എന്നും തെരഞ്ഞെടുപ്പിൽ ചുമതലകൾ നൽകിയേക്കും എന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ആർ നാസർ സുധാകരനെ വിളിച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. സുധാകരന്റെ നീക്കങ്ങളിൽ ആശങ്കയില്ല എന്നാണ് സിപിഐഎം നിലപാട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe