കോൺഗ്രസിന് ആശ്വാസം; ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

news image
Nov 8, 2022, 1:58 pm GMT+0000 payyolionline.in

ബെംഗളൂരു: കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം, കെജിഎഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനെ തുടർന്നാണ് കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ സിവിൽ കോടതി ഉത്തരവിട്ടത്. പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബം​ഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്. കോൺ​ഗ്രസിന്‍റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം.ഭാരത് ജോ‍ഡോ യാത്രക്കിടെ രാഹുൽ​ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വീഡിയോ രാഹുലിനെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ കെജിഎഫ് 2 സിനിമയിലെ ​ഗാനത്തിന്റെ പശ്ചാത്തല സം​ഗീതം കൂടി ചേർത്ത് കോൺ​ഗ്രസിന്റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകളിലൂടെയും എ ഐ സി സി ജനറൽ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവരുടെ ട്വിറ്ററിലൂടെയും പങ്കുവെക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മ്യൂസിക് കമ്പനി കോടതിയിൽ ഹർജി നൽകിയത്. പിന്നാലെ, തൽക്കാലത്തേക്ക് കോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ കോടതി ഉത്തരവിറക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe