കോഴിക്കോട്: ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം മൂന്ന് വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികൾ പോലീസിന്റെ പിടിയിലായി. മാത്തറ കോന്തനാരിയിൽ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുൺ (22), 17-കാരൻ എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ വലയിലായത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം നടന്നത്.
ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിക്കും രണ്ട് കാറുകൾക്കും നേരെയാണ് കല്ലേറുണ്ടായത്. മൂന്ന് വാഹനങ്ങളുടെയും മുൻവശത്തെ ഗ്ലാസുകൾ തകർന്നു.
സംഭവം നടന്ന ഉടൻതന്നെ വാഹനങ്ങളിലെ ഡ്രൈവർമാർ പന്തീരാങ്കാവ് പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ സമീപത്തെ കെട്ടിടങ്ങളിൽനിന്നായിരിക്കും കല്ലെറിഞ്ഞതെന്ന നിഗമനത്തിലാണ് എത്തിയത്. എന്നാൽ, അന്വേഷണം നടത്തിയപ്പോൾ ഇതുവഴി സഞ്ചരിച്ച ഒരാളിൽനിന്നും പ്രതികൾ എത്തിയ കാറിനെക്കുറിച്ച് സൂചന ലഭിച്ചു. ഈ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതികളിലേക്ക് പോലീസ് എത്തിയത്.
പോലീസ് പ്രതികളെ തേടി വീട്ടിലെത്തിയപ്പോൾ ഇരുവരും വീടുകളിൽ ഉറങ്ങുകയായിരുന്നു. തുടർന്ന് വിളിച്ചുണർത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രാഥമിക ചോദ്യംചെയ്യലിൽ ഇവർ മദ്യപിച്ചശേഷം വെറുതെ വാഹനങ്ങൾക്ക് നേരെ കല്ലുകളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് എറിയുകയായിരുന്നു എന്നാണ് വ്യക്തമായതെന്ന് പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ പറഞ്ഞു.
കല്ലെറിഞ്ഞ് ചില്ല് പൊട്ടിയതോടെ ഡ്രൈവർമാരുടെ ശ്രദ്ധ മാറാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്നും പന്തീരങ്കാവ് പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രധാന പ്രതിയായ വരുണിന്റെ പേരിൽ കേസുകളൊന്നും നിലവിലില്ല. എന്നാൽ, പ്രായപൂർത്തിയാവാത്ത കുട്ടി നേരത്തെയും കേസുകളിൽ ഉൾപ്പെടുകയും ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുകയും ചെയ്തിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ സംഭവം ഉണ്ടായത്. പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന് പുറമെ എസ്ഐ നിതീഷ് ,സിപിഒമാരായ അൻഷാദ് അബ്ദുൽ മനാഫ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
