കോഴിക്കോട്, സ്വർണ്ണക്കടത്തിന് ഒത്താശ; സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ  

news image
Oct 11, 2023, 10:03 am GMT+0000 payyolionline.in

കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘത്തിന് കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു. മലപ്പുറം എസ് പി ഉടൻ ഡി വൈ എസ് പി ഓഫീസിലെത്തി ചോദ്യംചെയ്തേക്കും.  നവീനിന്റെ ഫ്ലാറ്റിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

സ്വർണ്ണക്കടത്ത് സംഘത്തിന് പണം കൈപ്പറ്റി ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനിനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തിരുന്നു. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

 

കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരിൽ നിന്നും സ്വർണ്ണം പിടികൂടിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചു കൊടുത്തത് സിഐഎസ്എഫ് അസിസ്റ്റന്റ് കമാണ്ടന്റ് ആണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്. ഓരോ തവണ സ്വർണ്ണം കടത്തുന്നതിനും ഇയാൾ പണം കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘത്തിന് വിവരം കൈമാറാനായി രഹസ്യ ഫോൺ നമ്പറുകളും ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊടുവള്ളി സ്വദേശിയായ റഫീഖിന്  വേണ്ടി സ്വർണ്ണം കടത്താനാണ് ഇവർ ഒത്താശ ചെയ്തിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe