കരിപ്പൂർ: റൺവേയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നാളെ മുതൽ പൂർണതോതിൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും. വിമാന സർവീസുകളുടെ ശൈത്യകാല ഷെഡ്യൂളും നാളെ ആരംഭിക്കുകയാണ്. റൺവേ റീ കാർപറ്റിങ്ങിനായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് 10 മാസത്തിനു ശേഷം നീങ്ങുന്നത്.
ജനുവരി മുതലാണ് കരിപ്പൂരിൽ റൺവേ റീ കാർപറ്റിങ് ആരംഭിച്ചത്. പ്രവൃത്തിമൂലം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാന സർവീസുകൾ അനുവദിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് നാളെ മുതൽ പൂർണമായും ഇല്ലാതാകുന്നത്. കരാർ എടുത്ത ഡൽഹി കേന്ദ്രമായ എൻഎസ്‌സി പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക്, ജോലി തീർക്കാൻ നവംബർ വരെ കാലാവധിയുണ്ടായിരുന്നെങ്കിലും ജൂൺ ആദ്യവാരത്തിൽതന്നെ റീ കാർപറ്റിങ് പൂർത്തിയാക്കി.
ലാൻഡിങ് സുരക്ഷയ്ക്കുള്ള അത്യാധുനിക പ്രകാശ സംവിധാനങ്ങളായ സെൻട്രൽ ലൈൻ ലൈറ്റ്, ടച്ച് സോൺ ലൈറ്റ് എ ന്നിവയും അതോടൊപ്പം സ്ഥാപിച്ചു. എന്നാൽ, റൺവേയുടെ വശങ്ങളിൽ മണ്ണിട്ടുനിരപ്പാക്കുന്ന ഗ്രേഡിങ് ജോലി ബാക്കിയായി. മണ്ണു ലഭിക്കാനുള്ള സാങ്കേതിക കുരുക്കുകളും മഴയുമാണ് ഗ്രേഡിങ് ജോലി വൈകാൻ ഇടയാക്കിയത്. ആഴ്ചകൾക്കു മുൻപ് അതും പൂർത്തിയായി.