കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി സർവീസ്; സാധ്യത പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അയക്കും

news image
Feb 7, 2024, 12:57 pm GMT+0000 payyolionline.in

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അയക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ വിക്രം ദേവ് ദത്ത്. വൈഡ്ബോഡി സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി എം.കെ രാഘവൻ എം.പി നടത്തിയ സന്ദർശനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിമാപനപകട അന്വേഷണ ബ്യൂറോ നിർദേശിച്ച സുരക്ഷാ നിർദേശങ്ങളിൽ സിംഹഭാഗവും നടപ്പിലാക്കി കഴിഞ്ഞതിനാലും റൺവേയും എയർപോർട്ടും പൂർണ സുരക്ഷിതമായതിനാലും റെസ നവീകരണം പൂർത്തിയാകാൻ കാത്ത് നിൽക്കണമെന്ന കേന്ദ്ര നിലപാട് സമീപത്തെ സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാൻ മാത്രമാണ്. റൺവേ റീ കാർപെറ്റിങ്, സെന്റർ ലൈൻ ലൈറ്റിങ്, ടച്ച് ഡൗൺ സോൺ ലൈറ്റിങ്, റൺവേ വിഷ്വൽ റേഞ്ച് (ആർ.വി.ആർ) അടക്കം 9 അംഗ കമ്മറ്റി നിർദ്ദേശിച്ച എല്ലാ സുരക്ഷാ നിർദേശങ്ങളും കോഴിക്കോട് എയർപോർട്ടിൽ നടപ്പിലാക്കി കഴിഞ്ഞതാണ്. റെസ നിർമാണത്തിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുന്നുമുണ്ട്. റെസ നിർമാണം പൂർത്തിയാക്കിയാലേ വലിയ വിമാനം അനുവദിക്കൂ എന്ന നിലപാട് ദുർവാശിയാണ് -എം.പി കുറ്റപ്പെടുത്തി.

വിമാനാപകട ശേഷം 2021 ജനുവരിയിൽ സൗദി എയർലൈൻസ്, എയർ ഇന്ത്യ, ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ് എന്നീ ലോകത്തര വിമാന കമ്പനികൾ വീണ്ടും എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തീകരിച്ച് വലിയ വിമാന സർവീസ് നടത്താനുള്ള സന്നദ്ധത ഡി.ജി.സി.എയെ അറിയിച്ചതുമാണ്. പ്രധാന മന്ത്രിയുടെ അതി സുരക്ഷാ വൈഡ് ബോഡി വിമാനമായ ബോയിങ് 777 എയർക്രാഫ്റ്റ് രാജ്യത്തെ പതിനാറ് വിമാനത്താവളങ്ങളിൽ ഓപ്പറേറ്റ് ചെയ്യാൻ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡമാക്കിയത് കോഴിക്കോട് എയർപോർട്ടിൽ 2017 ൽ തയാറാക്കിയ പഠന റിപ്പോർട്ട് ആണ്. പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇല്ലാത്ത സുരക്ഷ കോഴിക്കോട് എയർപോർട്ടിൽ സ്വയം സന്നദ്ധരായി സർവീസിന് എത്തുന്ന വിമാന കമ്പനികൾക്ക് മാത്രം നിഷ്കർഷിക്കുന്നതിലെ വിരോധാഭാസം നീതീകരിക്കാൻ സാധിക്കില്ലെന്നും എം.പി ഡി.ജിയോട് വ്യക്തമാക്കി.

നിലവിൽ അനുമതിയുള്ളതും സർവീസ് നടത്തുന്നതുമായ ക്ലാസിക് വേർഷൻ എയർബസ് എ321 വിമാനത്തിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ചില കോഡ് ഇ വിമാനത്തേക്കാൾ റൺവേ നീളം അധികമായി ആവശ്യമുണ്ടെന്നിരിക്കെ നിലവിലെ നിരോധനത്തിന്റെ കാരണങ്ങൾ പരിഹാസ്യമാണെന്നും എം.പി കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe