കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളേജിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.15 ഓടെ സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.
സംഭവത്തിൽ കാർ ഓടിച്ചിരുന്ന പാഴൂർ ചാലിക്കുഴി സ്വദേശി കാർത്തികേശിനെ ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
