താമരശ്ശേരി : യുവാവിനൊപ്പം വാടക ഫ്ലാറ്റിൽ കഴിഞ്ഞ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ ഹൈസൺ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന ഹസ്നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഈ അപ്പാർട്മെന്റിലായിരുന്നു ഇവർ. ഇന്നലെ രാവിലെ 11.30 വരെ മുറി തുറക്കാതിരുന്നതിനെ തുടർന്ന് അപ്പാർട്മെന്റ് ഉടമയെയും വാർഡ് മെംബറെയും വിവരം അറിയിച്ച് വരുത്തി വാതിൽ തുറന്ന് നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.താമരശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാസങ്ങൾക്കു മുൻപാണ് ഇപ്പോഴത്തെ പങ്കാളിക്കൊപ്പം യുവതി താമസം തുടങ്ങിയത്. കാക്കൂർ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഉസ്മാന്റെയും സഫിയയുടെയും മകളാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
