കോഴിക്കോട് ലോഡ്ജിൽ ലഹരിവേട്ട: യുവതി ഉൾപ്പെടെ മൂന്ന് പേർ 108 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ

news image
Apr 22, 2026, 1:13 pm GMT+0000 payyolionline.in

കോഴിക്കോട്: നഗരത്തിലെ ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന ലഹരി വിൽപ്പന സംഘത്തെ ചേവായൂർ പൊലീസും ഡാൻസാഫും (DANSAF) ചേർന്ന് പിടികൂടി. 108 ഗ്രാം എം.ഡി.എം.എയുമായാണ് യുവതിയും രണ്ട് യുവാക്കളും പിടിയിലായത്. ബേപ്പൂർ സ്വദേശി അമൽ കുമാർ, പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശി കാമ്യക റീജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പരിശോധന ഒഴിവാക്കാൻ യുവതികളുടെ പേരിൽ ലോഡ്ജുകളിൽ മുറിയെടുത്ത് ലഹരി വിൽപ്പന നടത്തുന്നതാണ് ഈ സംഘത്തിന്റെ രീതി. ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജിലും കാമ്യകയുടെ പേരിലാണ് മുറിയെടുത്തിരുന്നത്. ഇവിടെ നിന്നും ചെറിയ പാക്കറ്റുകളിലാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും രാസലഹരി എത്തിച്ചു നൽകുകയായിരുന്നു ഇവരുടെ പതിവ്. രഹസ്യവിവരത്തെ തുടർന്ന് രാത്രി രണ്ട് മണിയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്.

പിടിയിലായവരിൽ അമൽ കുമാർ മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടയാളാണ്. മാറാട്, ബേപ്പൂർ, പന്നിയങ്കര, മെഡിക്കൽ കോളേജ്, നല്ലളം സ്റ്റേഷനുകളിലായി ലഹരി ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങി പന്ത്രണ്ടോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.

ഡാൻസാഫ് എസ്.ഐ മനോജ് എടയടത്ത്, ചേവായൂർ എസ്.ഐ ഏലിയാസ് വി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe