കോഴിക്കോട് > മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗത്തിന് സമീപത്തെ മുപ്പതോളം അനധികൃത പെട്ടിക്കടകള്‍ പൊളിച്ചുനീക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകളാണ് പൊളിച്ചതെന്ന് കോര്പറേഷന് അധികൃതർ പറഞ്ഞു. ശനി രാവിലെ എട്ടോടെയാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്.
ഗതാഗതക്കുരുക്കും റോഡപകടവും കുറയ്ക്കുന്നതിന് പൊലീസ്, കോർപറേഷൻ, മെഡിക്കൽ കോളേജ് അധികൃതർ, സംഘടനകൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ രണ്ടുമാസത്തിനകം കടകൾ നീക്കംചെയ്യാൻ തീരുമാനിച്ചിരുന്നു. സ്വയം പൊളിച്ചുനീക്കണമെന്ന് കടകള്‍ നടത്തുന്നവരോട് രണ്ടു മാസംമുമ്പേ നിര്‍ദേശിച്ചിരുന്നു. നൽകിയ സമയപരിധി കഴിഞ്ഞിട്ടും പൊളിച്ചുമാറ്റാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ച കോര്പറേഷന് ഓഫീസില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് പെട്ടെന്ന് പൊളിച്ചുനീക്കാനുള്ള തീരുമാനമുണ്ടായത്. ചായയും ചെറുകടികളും മറ്റും വില്‍പ്പന നടത്തുന്ന കടകളാണ് നീക്കിയത്. ഈ ഭാഗത്തെ കടകളില്‍ വെള്ളം എത്തിച്ചുനല്കുന്നതിനിടക്ക് വാഹനമിടിച്ച് മുമ്പ് ഒരാള്‍ മരണപ്പെട്ടിരുന്നു. അനധികൃത കടകള്‍ കാരണം ഗതാഗതക്കുരുക്ക് പതിവാണെന്ന പരാതി ഉയർന്നതോടെ പെട്ടിക്കടക്കാരുടെ യോഗം മെഡിക്കൽകോളേജ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്തിരുന്നു. കോര്പറേഷന് ഉദ്യോഗസ്ഥര്‍ക്ക് പുറമെ, പൊതുമരാമത്ത്, പൊലീസ് വിഭാഗങ്ങളും നടപടിയില്‍ പങ്കെടുത്തു.