കോഴിക്കോട്> കോഴിക്കോട് ബൈപാസ് നിർമ്മാണ പ്രവൃത്തി അതിവേഗം മുന്നേറുകയാണെന്നും നഗരത്തിലെ നീണ്ടകാലത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബൈപാസിന്റെ 58 ശതമാനം പ്രവൃത്തിയും പൂർത്തിയായെന്നും മന്ത്രി പറഞ്ഞു.
പ്രവൃത്തി നടക്കുന്ന അഴിയൂർ– വെങ്ങളം, വെങ്ങളം– രാമനാട്ടുകര റീച്ചുകൾ കഴിഞ്ഞ ദിവസം മന്ത്രി സന്ദർശിച്ചിരുന്നു. വെങ്ങളം– രാമനാട്ടുകര ബൈപാസിന്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കും. തൊണ്ടയാട് പുതിയ മേൽപ്പാലവും രാമനാട്ടുകര മേൽപ്പാലവും മാർച്ച് ആദ്യം നാടിന് സമർപ്പിക്കും. പാലോളി, മൂരാട് പാലങ്ങളും വേഗത്തിൽ പണി പൂർത്തീകരിച്ച് തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തലശേരി–- മാഹി ബൈപാസ് ഭാഗികമായി തുറക്കും. അഴിയൂർ–- വെങ്ങളം റീച്ച് പ്രവൃത്തി കൂടുതൽ വേഗത്തിലാക്കും. അഴിയൂർ– വെങ്ങളം റീച്ച് 2025 തുടക്കത്തിൽ പൂർത്തിയാക്കും. ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. വിവാദങ്ങൾ പ്രവൃത്തിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.