കോഴിക്കോട് ബീച്ചിൽ കളിക്കുന്നതിനിടെ തിരയില്‍പെട്ട 2 വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

news image
Jun 5, 2023, 4:07 am GMT+0000 payyolionline.in

കോഴിക്കോട്∙  ബീച്ചിൽ പന്തുകളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസൻ എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്. വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിനു സമീപത്തുനിന്നും ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ച്ചെ 4.45ഓടെയും മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രി 11 മണിയോടെയുമാണ് കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. തിരയില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപെടുത്തിയിരുന്നു. ഇടവിട്ട ആഴ്ചകളിലാണ് സുഹൃത്തുക്കളും അയൽവാസികളുമായ 5 പേർ ബീച്ചിൽ എത്തിയിരുന്നത്. പതിവുപോലെ ഇന്നലെയും എത്തി. കളി കഴിഞ്ഞു മടങ്ങവേ കുളിക്കാനാണ് ഇവർ കടലിലിറങ്ങിയത്. ഇവരിൽ രണ്ടു പേരെ കടൽ തിരമാല കടലാഴങ്ങളിലേക്ക് കൊണ്ടു പോവുക‌യായിരുന്നു. വിവരമറിഞ്ഞ് കടപ്പുറം ജനനിബിഡമായി. മണിക്കൂറുകൾക്കകം പൊലീസും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും സജീവമായി. അഗ്നിരക്ഷാസേനയും എത്തി.

ലയൺസ് പാർക്കിനു പടിഞ്ഞാറുവശം കടൽ അരിച്ചുപെറുക്കിയെങ്കിലും ശക്തമായ തിര രക്ഷാപ്രവർത്തനത്തിനു പ്രതികൂലമായി. പിന്നീട് മത്സ്യത്തൊഴിലാളികളെത്തി കടൽത്തീരത്തായി വല വിരിച്ചു. ഉച്ചയോടെ രക്ഷാപ്രവർത്തനം തൽക്കാലം നിർത്തി. തുടർന്നു കലക്ടർ എ.ഗീത, ഡപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജു, അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജ്, നടക്കാവ്, വെള്ളയിൽ, ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ എന്നിവർ സ്ഥലത്തെത്തി രക്ഷാദൗത്യം ഊർജിതമാക്കി.

ഇരുട്ടു വീണതോടെ അഗ്നിരക്ഷാ സേന ജനറേറ്റർ ടവർ ലൈറ്റ് സ്ഥാപിച്ചു. കടലാക്രമണം രൂക്ഷമായതോടെ കലക്ടർ എ.ഗീതയും ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഇ.അനിതകുമാരിയും മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. ഇതിനിടെയാണ് രാത്രി 11 മണിയോടെ മുഹമ്മദ് ആദിലിന്റെ മൃതദേഹം ലഭിച്ചത്. പുലർച്ചെ ആദിൽ ഹസന്റെ മൃതദേഹവും കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe