കോഴിക്കോട്: ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
കിഴൂർ കാട്ടുംകുളത്തിൽ നിന്നായിരുന്നു കുട്ടി കുളിച്ചത്. 5 ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഒന്നര മാസത്തിനിടെ മരിച്ചത്. ഫറോക്ക് സ്വദേശിയായ മൃദുൽ (12), കണ്ണൂർ സ്വദേശിയായ ദക്ഷിണ (13), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ് മരിച്ചത്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാണപ്പെടുന്ന ‘ബ്രെയിൻ ഈറ്റർ’ എന്ന പേരിൽ അറിയപ്പെടുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. തലച്ചോറിനെയാണ് അമീബ ബാധിക്കുന്നത്.