കോഴിക്കോട് കോർപറേഷനിലെ പുതിയ ഓഫിസിലെ രണ്ടാം ദിനത്തിൽ കൂട്ട അവധി

news image
Sep 5, 2024, 5:37 am GMT+0000 payyolionline.in

കോഴിക്കോട്∙ കോർപറേഷനിലെ ഹൈ ടെക് ഓഫിസ് ഉദ്ഘാടനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസം ജീവനക്കാർ കൂട്ട അവധിയെടുത്തത് കല്ലുകടിയായി. ആധുനിക ഫ്രണ്ട് ഓഫിസ് സംവിധാനം അടക്കം ഒരുക്കി നവീകരിച്ച കോർപറേഷൻ ഓഫിസിൽ ഇന്നലെ മിക്ക സെക്‌ഷനുകളിലും ജീവനക്കാർ ഉണ്ടായിരുന്നില്ല. സർക്കാർ ജീവനക്കാരുടെ കലക്ടറേറ്റ് ധർണയുടെ ഭാഗമായാണു ജീവനക്കാർ കൂട്ട അവധിയെടുത്തത്.  ഔദ്യോഗികമായി ലീവ് എടുത്തവരും അല്ലാത്തവരും ഉണ്ട്. ഉച്ചവരെ അവധി എടുത്തവരുമുണ്ട്. ജനറൽ സെക്‌ഷൻ, റവന്യു വിഭാഗം, അക്കൗണ്ട് വിഭാഗം, കൗൺസിൽ സെക്‌ഷൻ തുടങ്ങിയ വിഭാഗങ്ങളിൽ എത്തിയ ജനങ്ങൾ നിരാശയോടെ മടങ്ങുന്ന സാഹചര്യമായിരുന്നു.

നവീകരണത്തിന്റെ പേരിൽ കോടികൾ ചെലവാക്കിയ കോർപറേഷന് ജനങ്ങളുടെ കാര്യത്തിൽ ശ്രദ്ധയില്ലെന്നതാണ് വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ഉപനേതാവ് കെ.മൊയ്തീൻകോയ എന്നിവർ കുറ്റപ്പെടുത്തി. ഫ്രണ്ട് ഓഫിസ് സജ്ജീകരിച്ചതു കൊണ്ടു മാത്രമായില്ല, ജനങ്ങൾക്കു കൃത്യസമയത്തു സേവനം ഉറപ്പാക്കുന്നതിലും ശ്രദ്ധ വേണം. ജീവനക്കാരെ നിയന്ത്രിക്കുന്നതിൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഓഫിസ് ഒഴിഞ്ഞു കിടക്കാൻ കാരണമായതെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി കുറ്റപ്പെടുത്തി.

 

കോർപറേഷൻ ഓഫിസിൽ ജീവനക്കാർ രാവിലെ ഒപ്പിട്ട ശേഷം സമരത്തിനു പോയെന്ന ആരോപണം തത്സമയ വിഡിയോയിലൂടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച് കൗൺസിലർ. രാവിലെ 11.43ന് കോർപറേഷൻ ഓഫിസിലെത്തിയ കൗൺസിലർ ടി.റനീഷാണ് ഓഫിസ് കെട്ടിടത്തിലെ വിവിധനിലകളിലുള്ള വിവിധ ഓഫിസുകളിലൂടെ സഞ്ചരിച്ച് അവിടെയെല്ലാം ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ദൃശ്യങ്ങൾ ഫെയ്സ്ബുക് ലൈവിലൂടെ തൽസമയം പങ്കുവച്ചത്. രാവിലെ പത്തിന് എൻജിഒ യൂണിയൻ ജീവനക്കാർ സിവിൽ സ്റ്റേഷനു മുന്നിൽ സമരം നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാൻ രാവിലെ ഓഫിസിലെത്തി ഒപ്പിട്ട ശേഷം ജീവനക്കാർ പോയെന്നാണ് റനീഷ് വിഡിയോയിലൂടെ ആരോപിച്ചത്.

ഒന്നാംനിലയിൽ മേയറുടെ ഓഫിസിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. കോർപറേഷൻ സെക്രട്ടറിയുടെ ഓഫിസിലും ആരുമില്ലായിരുന്നു. അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നതിന് ആരും എതിരല്ലെന്നും ഒപ്പിട്ട ശേഷം സമരം ചെയ്യാൻ പോകുന്നത് ശരിയല്ലെന്നും റനീഷ് പറഞ്ഞു. ഒപ്പിട്ട് സമരത്തിനു പോയാലും ഓഫിസിലെ ഫാനും ലൈറ്റും ഓഫാക്കാമായിരുന്നുവെന്ന് കമന്റ് വന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe