കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ മിന്നൽ വേഗവും മത്സര ഓട്ടവും നിയന്ത്രിക്കാൻ നടപടിയുമായി പൊലീസ്. ബസുകളുടെ അമിത വേഗവും അപകടവും തുടർക്കഥയായതോടെ മനുഷ്യാവകാശ കമീഷൻ ഇടപെട്ടതിനെത്തുടർന്നാണ് ശക്തമായ നടപടിയുമായി പൊലീസ് രംഗത്തുവന്നത്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന് നൽകിയ റിപ്പോർട്ടിൽ അമിതവേഗം നിയന്ത്രിക്കാൻ പൊലീസ് നടപടികളാരംഭിച്ചതായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി അറിയിച്ചു.
ദേശീയപാത പരിധിയിലുള്ള എല്ലാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാർക്കും ഹൈവേ പൊലീസ്, ഇന്റർസെപ്റ്റർ, ട്രാഫിക് യൂനിറ്റുകൾ എന്നിവക്കുമാണ് ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ നിർദേശം നൽകിയത്.
ദേശീയപാതയിൽ വിവിധയിടങ്ങളിലായി പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. പട്രോളിങ്ങിൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കും. ദീർഘദൂര ബസുകൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടമുണ്ടാക്കുന്ന രീതിയിൽ സർവിസ് നടത്തിയാൽ ബന്ധപ്പെട്ട എസ്.എച്ച്.ഒമാരും നടപടിയെടുക്കും.
കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന ബസുകളുടെ അമിതവേഗം പരിശോധിക്കാൻ എലത്തൂരിൽ ബസ് പഞ്ചിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. അമിതവേഗം നിയന്ത്രിക്കാൻ കോഴിക്കോട് സിറ്റിയിൽ ഒരു ഇന്റർസെപ്റ്റർ വാഹനവും അനുവദിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനയും ശക്തമാക്കും.
ആറുവരിപ്പാത നിർമാണം നടക്കുന്നതിനാലുള്ള ഗതാഗതക്കുരുക്ക് കണക്കിലെടുക്കാതെയാണ് സ്വകാര്യ ബസുകൾ അമിതവേഗത്തിൽ സർവിസ് നടത്തുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ റൂട്ടിൽ ബസുകൾ സർവിസ് നടത്തുന്നതിനാൽ കുരുക്കിൽപെട്ട് ബസുകൾ ഒരുമിച്ചാവുകയാണ്. ഇതോടെയാണ് മിന്നൽ വേഗത്തിൽ പോകുന്നത്. ജില്ലയിൽ ഏറ്റവും കൂടൂതൽ ബസപകടങ്ങളുണ്ടാവുന്നത് കണ്ണൂർ-കോഴിക്കോട് റൂട്ടിലാണ്.