കോഴിക്കോട്: ഒന്നര വയസ്സുകാരിക്ക് സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പന്നിയങ്കര പൊലീസാണ് കുട്ടിയെ ചികിത്സിച്ച മെഡിക്കൽ കോളജ് ആശുപത്രി അധികൃതരിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചത്. എന്നാൽ, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കുട്ടിക്ക് ഗുരുതര പരിക്കേറ്റതിൽ ദുരൂഹത തുടരുകയാണ്. മേയ് 22നാണ് പന്നിയങ്കര സ്വദേശിയായ യുവതിയും അവരുടെ മാതാവും ചേർന്ന് ഗുരുതര പരിക്കേറ്റ കുട്ടിയെ രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
കുടലിനും മലദ്വാരത്തിനും വരെ പരിക്കേറ്റതിനാൽ കുട്ടിയെ കൊളോസ്റ്റമി ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. പരിക്കേറ്റ് രണ്ടു ദിവസത്തിനുശേഷമാണ് കുട്ടിയെ ചികിത്സക്കായെത്തിച്ചതെന്നാണ് വിവരം. സംഭവത്തിലെ ദുരൂഹത ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. എന്നാൽ, പരാതിയില്ലെന്നാണ് കുട്ടിയുടെ മാതാവടക്കമുള്ളവർ പൊലീസിനോട് പറഞ്ഞത്. അതിനിടെ കുട്ടിയെ തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.