കോഴിക്കോട് എൻഐടിയിൽ തൊഴിലാളി സമരം വൻ വിജയം; പിരിച്ചുവിട്ട 312 തൊഴിലാളികളെയും നിലനിര്‍ത്തുമെന്ന് മാനേജ്മെൻ്റ്

news image
Jun 28, 2024, 9:28 am GMT+0000 payyolionline.in
കോഴിക്കോട്: എൻഐടിയിലെ കരാർ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു. നിലവിലുള്ള സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗത്തിലെ 312 ജീവനക്കാരെയും നിലനിർത്തുമെന്ന് മാനേജ്മെൻറ് ഉറപ്പുനൽകി. ഇന്നു തന്നെ സമരം ചെയ്യുന്ന ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അനുമതിയും ചർച്ചയിൽ മാനേജ്മെൻറ് നൽകി. തൊഴിലാളികൾക്ക് 60 വയസ്സ് എന്ന മാനദണ്ഡം തന്നെ ഇനിയും നിലനിർത്താനും തീരുമാനിച്ചു.  55 വയസ്സു കഴിഞ്ഞവരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെയായിരുന്നു സമരം.

കോഴിക്കോട് എന്‍ഐടിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി, ശുചീകരണ വിഭാഗത്തിലെ 312 ജോലിക്കാരെ 55 വയസ് പൂര്‍ത്തിയായെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടാന്‍ എന്‍ഐടി തീരുമാനിച്ചത്. നേരത്തെ കരാര്‍ ജോലിക്കാരുടെ പ്രായപരിധി 60 ആയിരുന്നെങ്കിലും ഒരു മുന്നറിയിപ്പമില്ലാതെയായിരുന്നു ഈ വെട്ടിച്ചുരുക്കല്‍. ഇതിനെതിരെ എന്‍ഐടിയുടെ മുന്നില്‍ കരാര്‍ തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു.

 

പിരിച്ചു വിടുന്നവര്‍ക്ക് പകരം പുതിയ തൊഴിലാളികളെ നിയമിക്കാന്‍ മറ്റൊരു കരാര്‍ കമ്പനിക്കാണ് എന്‍ഐടി അനുമതി നല്‍കിയത്. പ്രായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഈ കരാര്‍ കമ്പനി പുതുതായി തെരഞ്ഞെടുത്ത തൊഴിലാളികള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത് സമരക്കാര്‍ തടഞ്ഞു. പിരിച്ചു വിട്ട തൊഴിലാളികള്‍ക്ക് പിന്തുണയുമായി സിപിഎം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ആദ്യം പൊലീസുമായി സംഘര്‍ഷം. പിന്നീട് കോണ്‍ഗ്രസ് മാര്‍ച്ചിനിടയിലും സംഘര്‍ഷമുണ്ടായി.

 

എന്നാല്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവുമായാണ് ഇവര്‍ എന്‍ഐടിയില്‍ എത്തിയത്. ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നാണ് സമരം ചെയ്യുന്ന സംയുക്ത സമരസമിതിയുടെയും പിന്തുണയ്ക്കുന്ന രാഷ്ട്രീയ സംഘടനകളുടേയും നിലപാട്. ഇതോടെയാണ് മാനേജ്മെന്റ് ഇന്ന് ചര്‍ച്ച നടത്തിയത്. സമരക്കാരുടെ മുഴുവൻ ആവശ്യവും മാനേജ്മെന്റ് അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ച് തൊഴിലാളികൾ ആഹ്ലാദം പ്രകടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe