കോഴിക്കോട്: കോഴിക്കോട് ആർത്തലച്ചെത്തിയ വേനൽ മഴയിൽ പലയിടത്തും നാശനഷ്ടം. പേരാമ്പ്രയിൽ മിന്നൽ ചുഴലിയും നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പേരാമ്പ്രയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. വാഹനങ്ങൾക്ക് മുകളിലും മരക്കമ്പുകൾ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളിൽ മരങ്ങൾ വീണത് കാരണം ഗതാഗത തടസം നേരിട്ടു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണിൽ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയിൽ ഗതാഗതതടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശ്ശേരി മലോരമേഖലയിലും മഴ ലഭിച്ചു.
മഴ ശക്തമാകുന്നു
അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. അടുത്ത 5 ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
